കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രധാനമായി പറഞ്ഞിട്ടുളള വസ്തുതകളിലൊന്ന് സിനിമയ്‌ക്കുള്ളിലെ ലഹരിയെക്കുറിച്ചാണെന്ന് അഡ്വ. ഷോൺ ജോർജ്. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ മാദ്ധ്യമങ്ങൾ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമായി ചർച്ച ചെയ്യുന്നത് സിനിമയ്‌ക്കുളളിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചാണ്. ലഹരിയെക്കുറിച്ച് പറഞ്ഞ ആളുകൾക്കെതിരെ നിയമ നടപടിക്കാണ് നീക്കം. എന്നാൽ നിയമ നടപടിക്ക് പോകുന്ന വ്യക്തികൾ സൂക്ഷിക്കണം. ഫിംഗർനെയ്ൽ ഡ്രഗ് ടെസ്റ്റിംഗിൽ നഖവും മുടിയും പരിശോധിച്ചാൽ ആറ് മാസത്തിനുളളിൽ എപ്പോഴെങ്കിലും ഡ്രഗ്‌സ് ഉപയോഗിച്ചാൽ വാദി പ്രതിയാകുമെന്ന് ഷോൺ ജോർജ് പറഞ്ഞു.
പി. വി അൻവറിന്റെ ആരോപണം വരുന്നതിന്റെ തലേന്നാണ് മട്ടാഞ്ചേരി മാഫിയയെക്കുറിച്ച് ചർച്ച വന്നത്. സിനിമയ്‌ക്കുളളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് കഥകൾ പുറത്തുവന്നു തുടങ്ങിയതോടെ പെട്ടന്ന് ആ വിഷയം മാറ്റുകയാണ്. ആ വിഷയത്തെ വർഗീയവൽക്കരിക്കാനാണ് ശ്രമമെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.
ഒരു യുവനടനെ നാലോ അഞ്ചോ മാസങ്ങൾക്ക് മുൻപ് ഫിംഗർനെയ്ൽ ടെസ്റ്റ് നടത്തുമെന്ന് പറഞ്ഞപ്പോഴാണ് അയാൾ ഒതുങ്ങിയത്. ഇവിടെ രണ്ട് തരം നീതിയുണ്ട്. ഈ സിനിമാ മേഖലയിൽ എങ്ങനെ ലഹരി എത്തുന്നുവെന്ന് പൊലീസിന് ചോദ്യം ചെയ്തു കൂടെയെന്ന് ഷോൺ ചോദിച്ചു. എവിടെ നിന്ന് കിട്ടുന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നില്ല. മട്ടാഞ്ചേരി മാഫിയയുടെ ആരാധകരാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറേറ്റിലുളള ഭൂരിഭാഗം ഉദ്യോഗസ്ഥരുമെന്ന് സംശയിക്കേണ്ടി വരുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു.
സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചർച്ചയാകുന്നതിനൊപ്പം ലഹരി ഉപയോഗവും ചർച്ചയാകണം. ആരോപണ വിധേയരായ വ്യക്തികളെല്ലാം ഇടതുപക്ഷ അനുഭാവികളാണ്. പരാതി കൊടുത്തിട്ടുണ്ടെങ്കിൽ അന്വേഷണവും ഉണ്ടാകില്ലെന്നും ഷോൺ ജോർജ് തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളതൊന്നം ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. ഒറ്റ എഫ്‌ഐആർ പോലും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.