ന്യൂഡൽഹി: ചരിത്ര നേട്ടം സ്വന്തമാക്കിയ ഹർവീന്ദർ സിംഗിന് അഭിനന്ദനങ്ങളറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. പാരിസ് പാരാലിമ്പിക്സിൽ പുരുഷ അമ്പെയ്‌ത്തിൽ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യക്ക് ആദ്യമായി സ്വർണ മെഡൽ നേടിത്തന്ന ഹർവീന്ദർ സിംഗിനെ ഇരുനേതാക്കളും അഭിനന്ദിച്ചു. പാര-ആർച്ചറിയിൽ 33കാരൻ നടത്തിയ മികവുറ്റ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നതായി രാഷ്‌ട്രപതി അറിയിച്ചു.
പാരാലിമ്പിക്സിൽ തുടർച്ചയായി രണ്ടുതവണ മെഡൽ സ്വന്തമാക്കിയ ഹർവീന്ദർ സിംഗ് ഇത്തവണ സ്വർണം നേടിയെടുത്തിരിക്കുന്നു. ഫൈനലിലെ കടുത്ത സമ്മർദ്ദത്തെ മറികടന്ന് പ്രചോദനാത്മകമായ പ്രകടനം കാഴ്ചവച്ച ഹർവീന്ദർ സിംഗ് ഭാരതത്തിന്റെ ത്രിവർണപതാകയുടെ മഹത്വം ഉയർത്തിക്കാട്ടിയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു എക്സിൽ കുറിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ഹർവീന്ദർ സിംഗിന്റെ കൃത്യതയും ശ്രദ്ധയുമാണ് സ്വർണ മെഡൽ സ്വായത്തമാക്കാൻ സഹായിച്ചതെന്നും ഇന്ത്യ വളരെയധികം സന്തോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാര-ആർച്ചറിയിൽ രാജ്യത്തിന്റെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കിയ ഹർവീന്ദർ സിംഗ് പോളണ്ടിന്റെ ലൂകാസ് സിസെകിനെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽപ്പിച്ചത്. 6-0 ആയിരുന്നു സ്കോർ. 2020ലെ ടോക്കിയോ പാരാലിമ്പിക്സിൽ ഹർവീന്ദർ സിംഗ് വെങ്കലം നേടിയിരുന്നു.
പാരിസിൽ നടക്കുന്ന പാരലിമ്പിക്സിൽ ഇതിനോടകം 22 മെഡലുകളാണ് ഇന്ത്യ നേടിയത്. നാല് സ്വർണവും എട്ട് വെള്ളിയും, 10 വെങ്കലും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. മെഡൽ ടാലിയിൽ 15-ാം സ്ഥാനമാണ് ഇന്ത്യക്ക്. കഴിഞ്ഞ പാരാലിമ്പിക്സിൽ ആകെ 19 മെഡലുകളായിരുന്നു രാജ്യം നേടിയത്.