കുറച്ചായി ടെലികോം മേഖലയിലെ ചർച്ചാ വിഷയമാണ് ബിഎസ്എൻഎൽ. കണ്ണടച്ച് തുറക്കും മുൻപാണ് ബിഎസ്എൻഎൽ പ്രതാപം വീണ്ടെടുത്തത്. 3ജിയിൽ നിന്ന് 4ജിയിലേക്കും 5ജിയിലേക്കുമുള്ള കുതിപ്പിലാണ് ബിഎസ്എൻഎൽ. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ 4ജി സജ്ജമാക്കുന്നതിനിടയിൽ 5ജിയെ കുറിച്ചുള്ള അപ്ഡേറ്റാണ് പുറത്തുവരുന്നത്.
മകരസംക്രാന്തി ദിനമായ ജനുവരി 14-ന് രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎല്ലിന്റെ ആന്ധ്രപ്രദേശ് പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ടവറുകൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ഘട്ടത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ടാറ്റാ കൺസൾട്ടൻസി സർവീസസ് നൽകുന്ന ബിഎസ്എൻഎല്ലിന്റെ 4ജി സാങ്കേതികവിദ്യ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ 5ജിയിലേക്ക് മാറുന്നതിന് കാര്യമായ അധിക നിക്ഷേപം നടത്തേണ്ടതില്ല. അപ്‌ഗ്രേഡ് പ്രക്രിയയിലൂടെ ഇതിനോടകം തന്നെ 4ജി സേവനങ്ങൾ ആരംഭിച്ച പ്രദേശങ്ങളിൽ 5ജി യുടെ റോളൗട്ട് ആരംഭിക്കുമെന്നാണ് വിവരം.
ദശലക്ഷ കണക്കിന് ഉപയോക്താക്കൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. വേഗതയേറിയ കണക്ടിറ്റിവിറ്റി കുറഞ്ഞ നിരക്കിൽ ഉറപ്പാക്കുന്നതോടെ ടെലികോം മേഖലയിൽ നിലയുറപ്പിക്കാൻ ബിഎസ്എൻഎല്ലിനാകും. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ബിഎസ്എൻഎല്ലിലേക്ക് ചുവടുമാറിയത്.