പ്രായം 123, കുട്ടികൾ 10,000, ‘ഭാര്യമാർ’ ആറ്, ഭാരം 700 കിലോ, നീളം 16 അടി.. ഇതെല്ലാം ഹെന്റിയുടെ സവിശേഷതകളാണ്. ലോകത്തെ ഏറ്റവും പ്രായമേറിയ മുതലയാണ് ഹെന്റി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ബോട്സ്വാനയിലെ ഒകവാംഗോ ഡെൽറ്റയിൽ 1900 ഡിസംബർ 16നായിരുന്നു ഹെന്റിയുടെ ജനനം. വലിപ്പത്തിലും പല്ലിന്റെ നീളത്തിലുമൊക്കെ പണ്ടേ പേരുകേട്ടതാണ് ഹെന്റി. പ്രായത്തിന്റെ കാര്യത്തിലും കക്ഷിയെ മറികടക്കാൻ പ്രയാസമാണ്. ഒരു മിനിബസിന്റെ വലിപ്പം തന്നെ ഹെന്റിക്കുണ്ടെന്ന് പറയാം.
പണ്ട് ഗോത്രവർഗക്കാരുടെ മേഖലയിൽ നിരവധി കുട്ടികളെ അകത്താക്കിയ ചരിത്രമൊക്കെ ഹെന്റിക്കുണ്ട്. ആക്രമണകാരിയായ മുതലയെ പാഠം പഠിപ്പിക്കാൻ പ്രസിദ്ധ വേട്ടക്കാരൻ സർ ഹെന്റി ന്യൂമാന്റെ സഹായം തേടുകയായിരുന്നു പ്രദേശവാസികൾ. എന്നാൽ മുതലയെ ചാക്കിലാക്കിയ വേട്ടക്കാരൻ അതിനെ കൊല്ലുന്നതിന് പകരം തടവിലാക്കി.
കഴിഞ്ഞ മുപ്പത് വർഷമായി സൗത്ത് ആഫ്രിക്കയിലെ സ്കോട്ട്ബർഗിലുള്ള ക്രോക് വേൾഡ് കൺസർവേഷൻ സെന്ററിലാണ് ഹെന്റിയുടെ വാസം. അസാധാരണമായ വലിപ്പവും പ്രായവും ഉള്ളതിനാൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഹെന്റി അവിടെ തുടരുകയാണ്.
നൈൽ ക്രോകഡൈൽ ആണ് ഹെന്റി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുതലയായി പരിഗണിക്കപ്പെടുന്ന ജീവിയാണ് നൈൽ ക്രൊകഡൈൽ. ആഫ്രിക്കൻ വൻകരയിൽ കാണപ്പെടുന്ന ഭീമൻ മുതലയാണിത്. ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ മുതലകളുടെ കൂട്ടത്തിൽ ഇവ ഉൾപ്പെടുന്നു. പ്രതിവർഷം 300 ആക്രമണങ്ങളെങ്കിലും നൈൽ ക്രോകഡൈലിന്റെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.















