കൊച്ചി: എംഎൽഎ പി.വി അൻവറിനെതിരെ പരാതി നൽകി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. ഡിജിപിക്കാണ് പരാതി നൽകിയിരിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവച്ചതിന് പിവി അൻവറിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
മാദ്ധ്യമങ്ങളിലൂടെ പിവി അൻവർ നടത്തിയത് ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി, എസ്പി സുജിത് ദാസ് എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗുരുതരമാണ്. എഡിജിപിക്ക് കൊല്ലാനും കൊല്ലിക്കാനും അറിയാമെന്നടക്കം പിവി അൻവർ ഉന്നയിച്ചിരുന്നു. കൂടാതെ എഡിജിപി എംആർ അജിത്കുമാറിനെതിരെ പല തെളിവുകളും തന്റെ പക്കലുണ്ടെന്നും അൻവർ അവകാശപ്പെട്ടിട്ടുണ്ട്.
എടവണ്ണയിലെ യുവാവിന്റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും എഡിജിപിക്കെതിരെ തെളിവുകളുണ്ടെന്നും പിവി അൻവർ പറഞ്ഞിരുന്നു. കൂടാതെ ഡാൻസാഫിനെ ഉപയോഗിച്ച് സ്വർണം കൈക്കലാക്കി എന്നടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുറ്റകൃത്യങ്ങൾ മറച്ചുവച്ച അൻവറിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഷോൺ ജോർജ് ഡിജിപിയെ സമീപിച്ചത്.