ആലപ്പുഴ: കേരളത്തിലെ പക്ഷിപ്പനി ബാധിത മേഖലകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറക്കി. ഡിസംബർ 31 വരെയാണ് ഈ നിയന്ത്രണം നിലവിലുണ്ടാവുക. വൈറസ് വ്യാപനം തടയുകയാണു ലക്ഷ്യം.
കോഴി, താറാവ്, കാട എന്നീ പക്ഷികളെയും കുഞ്ഞുങ്ങളെയും നിയന്ത്രണമേഖലയിലേക്ക് കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളിൽ മുട്ട വിരിയിക്കാനും പാടില്ല. ഈ പ്രദേശങ്ങളിലെ ഹാച്ചറികളിൽ ഇപ്പോഴുള്ള മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കണം. കോഴി, താറാവ് എന്നിവയുടെ മുട്ടയൊന്നിന് അഞ്ചുരൂപ നഷ്ടപരിഹാരം നൽകും. വിജ്ഞാപന ത്തീയതിക്കുശേഷം മുട്ട വിരിയിക്കാൻ വെച്ചിട്ടുണ്ടെങ്കിൽ അവയും നശിപ്പിക്കണം, പക്ഷെ അവയ്‌ക്ക് നഷ്ടപരിഹാരമുണ്ടാകില്ല. ഇപ്പോൾ പക്ഷികളില്ലാത്ത ഹാച്ചറികൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുകയും വേണം.
സെപ്റ്റംബർ രണ്ടിനാണ് ഈ വിജ്ഞാപനമിറങ്ങിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിൽ തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ് ഇറങ്ങിയത് . ആലപ്പുഴ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ഈ നിയന്ത്രണമുണ്ട്.