ലക്നൗ: യുപിലെ സുൽത്താൻപൂരിൽ ഗുണ്ടാനേതാവ് വെടിയേറ്റ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മങ്കേഷ് യാദവാണ് സ്പെഷ്യൽ ടാസ്കുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. മുകേഷിന്റെ തലയ്‌ക്ക് ഒരുലക്ഷം രൂപ വിലയിട്ടിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
ആഗസ്റ്റ് 28 ന് സുൽത്താൻപൂരിലെ ഭാരത് ജ്വല്ലേഴ്‌സിൽ പട്ടാപകൽ നടന്ന വൻകവർച്ചയുടെ സൂത്രധാരനാണ് മങ്കേഷ്. ഇതിന് പിന്നാലെ ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ദേഹത് കോട്വാലിയിൽ മങ്കേഷുണ്ടെന്ന സൂചന എസ്ടിഎഫ് സംഘത്തിന് ലഭിച്ചത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും മങ്കേഷ് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മങ്കേഷ് യാദവ് കൊല്ലപ്പെട്ടത്.
32 കാലിബർ പിസ്റ്റൾ, വെടിയുണ്ടകൾ, 315 ബോർ പിസ്റ്റൾ, മോട്ടോർ ബൈക്ക്, മോഷ്ടിച്ച ആഭരണങ്ങൾ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.















