അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. ജഡേജയുടെ ഭാര്യയും ജാംനഗർ എംഎൽഎയുമായ റിവാബ ജഡേജയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ബിജെപി മെമ്പർഷിപ്പ് കാർഡും റിവാബ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയുടെ നേതൃത്വത്തിൽ ബിജെപി അംഗത്വ കാമ്പെയിന് ഡൽഹിയിൽ തുടക്കമിട്ടത്. ബിജെപി അംഗത്വം പുതുക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കാമ്പെയിൻ ഉദ്ഘാടനം ചെയ്തു.
മുൻ വർഷത്തെ റെക്കോർഡ് തിരുത്തികുറിക്കാൻ ഇത്തവണത്തെ കാമ്പെയിനിന് സാധിക്കുമെന്നും ലോകം ഏറെ വിശ്വാസ്യതയോടെ കാണുന്ന പാർട്ടിയാണ് ബിജെപിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജഡേജയും ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
🪷 #SadasyataAbhiyaan2024 pic.twitter.com/he0QhsimNK
— Rivaba Ravindrasinh Jadeja (@Rivaba4BJP) September 2, 2024
2019ലാണ് റിവാബ ജഡേജ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. 2022ൽ ജാംനഗറിൽ നിന്ന് മത്സരിച്ച റിവാബ ആം ആദ്മി പാർട്ടിയുടെ കർഷൻഭായ് കർമൂറിനെ പരാജയപ്പെടുത്തിയാണ് എംഎൽഎയായത്. റിവാബയുടെ പ്രചാരണത്തിൽ ഉൾപ്പെടെ രവീന്ദ്ര ജഡേജ സജീവമായിരുന്നു.