ലോക കുതിരയോട്ട ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ മലയാളിയും. മലപ്പുറം തിരൂർ സ്വദേശിയായ നിദ അൻജും ചേലാട്ടാണ് ആഗോളവേദിയിൽ ചരിത്രംകുറിക്കാനായി തയ്യാറാവുന്നത്. 40 രാജ്യങ്ങളിൽ നിന്നുള്ള 144 കുതിരയോട്ടക്കാർക്കൊപ്പമാണ് നിദയും മത്സരത്തിനിറങ്ങുന്നത്.
ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യൻഷിപ്പായ എഫ്.ഇ.ഐ എൻഡ്യൂറൻസ് ടൂർണമെന്റിലാണ് നിദ പങ്കെടുക്കുന്നത്. 160 കിലോമീറ്റർ ദൈർഘ്യമുള്ള ദുർഘടപാതയാണ് മത്സരത്തിൽ നിദയെ കാത്തിരിക്കുന്നത്. തന്റെ വിശ്വസ്ത പങ്കാളിയായ പെൺകുതിര പെട്ര ഡെൽ റെയ്‌ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആൺകുതിരയായ ഡിസൈൻ ഡു ക്‌ളൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
യുഎഇ, ബഹ്‌റൈൻ, ഇറ്റലി, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ കാലാകാലങ്ങളായി മേധാവിത്വം പുലർത്തുന്ന വിഭാഗത്തിലാണ് 22 കാരി മത്സരിക്കാനിറങ്ങുന്നത്. സൗകര്യങ്ങൾ ഒന്നുമില്ലാതെ സ്വന്തം കഠിനപ്രയത്നത്താലും പരിശ്രമത്താലുമാണ് നിദ ലോകവേദിയിലേക്ക് യോഗ്യത നേടിയത്. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് നിദ പറഞ്ഞു. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്നും അവൾ വ്യക്തമാക്കി.
ഇന്ത്യയിൽ ഈ കായിക ഇനത്തിന് ജനപ്രീതി കുറവാണെങ്കിലും വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തോട് അടുത്ത് നിൽക്കുന്ന മത്സരയിനമാണ് കുതിരയോട്ടം. കടുത്ത പോരാട്ടം നടക്കുന്ന കുതിരയോട്ട മത്സരത്തിൽ അസാധാരണമായ മെയ്‌വഴക്കവും സൂക്ഷമതയും വേഗതയും അത്യാവശ്യമാണ്. സെപ്റ്റംബർ 7ന് ഫ്രാൻസിലെ മോൺപാസിയറിലാണ് ചാമ്പ്യൻഷിപ് നടക്കുക.















