കൊച്ചി; ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം അണിഞ്ഞിരുന്ന ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തുവെന്ന് കാസ. തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി ഉയർന്ന ലഹരി ആരോപണം സിനിമയിലെ മുസ്ലീം നാമധാരികൾക്ക് നേരെ നടക്കുന്ന ആക്രമണമാണെന്ന ആഷിഖ് അബുവിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് കാസയുടെ വിമർശനം. പിടിച്ചുനിൽക്കാൻ മറ്റൊരു മാർഗം ഇല്ലാതെ വന്നപ്പോഴാണ് ആഷിഖ് അബു മതത്തെ കൂട്ടുപിടിച്ചതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ കാസ പറഞ്ഞു.
മലയാള സിനിമയിലും പൊതു സമൂഹത്തിലും വളരെ കാലമായി പരസ്യമായിരുന്ന രഹസ്യങ്ങൾ ഒരു ഗായിക പൊതുസമൂഹത്തിനു മുന്നിൽ പച്ചയ്‌ക്ക് തുറന്നു പറഞ്ഞപ്പോൾ അതിനെതിരെ ഒരു വാക്കുപോലും മറുപടിയായി ഉരിയാടാൻ ആഷിഖ് അബുവിനോ ഭാര്യ റിമ കല്ലിങ്കനോ മാറിയ സാഹചര്യത്തിൽ ധൈര്യമില്ല.
മുൻപ് ഷൈൻ ടോം ചാക്കോ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടപ്പോൾ താൻ ന്യൂനപക്ഷക്കാരനോ ക്രിസ്ത്യാനിയോ ആയതുകൊണ്ടാണ് ഇത്തരത്തിൽ ഒരു കേസ് ഉണ്ടായത് എന്ന ഇരവാദം അന്ന് ആരെങ്കിലും കേട്ടിരുന്നോയെന്ന് കാസ ചോദിച്ചു. ഇത്തവണ മുകേഷോ ജയസൂര്യയോ, രഞ്ജിത്തോ തങ്ങൾ ഹിന്ദുവായത് കൊണ്ടാണ് തങ്ങൾക്കെതിരെ ഈ ആരോപണം വന്നിരിക്കുന്നത് എന്ന് പറഞ്ഞോ ??? …… ഇല്ല !. കാരണം മലയാള സിനിമയെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്നും മതമൗലികവാദവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്.
വ്യാജനും ഒറിജിനലും ആയിട്ടുള്ള ഇരകൾ ഒന്നൊന്നായി പരാതികളുമായി രംഗത്ത് വന്നുകൊണ്ടിരിക്കുമ്പോൾ മയക്കുമരുന്ന് അടിമയാക്കപ്പെട്ട് സർവ്വതും നഷ്ടപ്പെട്ട് ജീവിതം നശിച്ച ഇരകളിൽ ആരെങ്കിലുമൊക്കെ ആത്മരോഷത്തോടെ ഗായിക സുചിത്രയുടെ വാക്കുകളെ ശരി വച്ച് രംഗത്തെത്തുമെന്ന് ഇവർ ഭയപ്പെടുന്നുവെന്ന് കാസ ചൂണ്ടിക്കാട്ടി. മാത്രവുമല്ല കൂട്ടത്തിൽ നിന്നാരും തന്നെ തങ്ങളെ ന്യായീകരിച്ച് സംസാരിക്കില്ല എന്നും ഇവർക്കറിയാം. അതുകൊണ്ടാണ് മതമെന്ന പതിവ് ആയുധം പുറത്തെടുത്തതെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മലയാള സിനിമയിൽ ഒരു ലഹരി ഉപയോഗവുമില്ലെന്നും മുസ്ലീം നാമധാരികൾക്കെതിരെ സംഘപരിവാർ ആക്രമണമാണിതെന്നും ആയിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വാക്കുകൾ.