ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് അബുദാബിയിലെ സ്വാമിനാരായൺ ബാപ്സ് ക്ഷേത്രമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല. ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം യുഎഇയുമായുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക ബന്ധത്തം കുറിച്ചും പരാമർശിച്ചു. സ്വാതന്ത്ര്യാനന്തരം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ദൃഢമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക, ആഗോള പ്രശ്നങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയാണ് ദൃഢമായ ബന്ധത്തിന്റെ അടിത്തറ. സാങ്കേതിക വിദ്യയിലൂടെയാണ് ഇരുരാജ്യങ്ങളും അഭിവൃത്തിപ്പെടുന്നത്. ഇരു രാജ്യങ്ങളിലെ പ്രതിനിധികൾ തമ്മിലുള്ള ചർച്ച നേട്ടങ്ങളും പ്രവർത്തനങ്ങളും രീതികളും പങ്കിടാൻ സാധിക്കുമെന്നും ഓം ബിർല പറഞ്ഞു. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നിവ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ തലവനായ അലി റാഷിദ് അൽ നുഐമിയുടെ നേതൃത്വത്തിലുള്ള യുഎഇയിൽ നിന്നുള്ള പാർലമെൻ്ററി പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രവും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ക്ഷേത്രം. 27 ഏക്കർ സ്ഥലത്ത് ഇന്ത്യൻ നിർമാണ ശൈലിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപ്പന. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് . രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്ന് 2000 ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളിൽ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്‌കാരിക ചരിത്രവും നാഗരികതയും സമ്മേളിക്കുന്നു.













