ധാക്ക : മുതിർന്ന ഹിന്ദു ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ തേടി ബംഗ്ലാദേശ് പ്രസിഡൻ്റിന്റെ ഓഫീസ് കത്തയച്ചതിൽ പ്രതിഷേധം പടരുന്നു. ബംഗ്ലാദേശ് സർക്കാരിൽ സെക്രട്ടറിമാരായും ജോയിൻ്റ് സെക്രട്ടറിമാരായും സ്ഥാനങ്ങൾ വഹിക്കുന്ന ഹിന്ദു ന്യൂനപക്ഷ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഓഗസ്റ്റ് 29- നാണ് രാഷ്‌ട്രപതിയുടെ ഓഫീസിൽ നിന്നു പുറത്തിറക്കിയത്. ഇതിനെ തുടർന്ന് വിവിധ വകുപ്പുകൾ പ്രത്യേകം പ്രത്യേകം കാതുകൾ തയ്യാറാക്കി അയക്കുകയായിരുന്നു.
ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ ഓഫീസും വസതിയുമായ ബംഗ ഭവനിൽ നടക്കുന്ന ഒരു പരിപാടിയുടെ ക്ഷണപ്പട്ടിക തയ്യാറാക്കുന്നതിനായിട്ടാണ് ഗവൺമെൻ്റിലെ മുതിർന്ന ഹിന്ദു ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. രാഷ്‌ട്രപതിയുടെ പേഴ്‌സണൽ ഡിപ്പാർട്ട്‌മെൻ്റിന്റെ വിജ്ഞാപനത്തിലാണ് കത്തുള്ളത്.
ഇതും വായിക്കുക
ഒരു ക്ലറിക്കൽ പിശകാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും ബംഗ്ലാദേശ് പ്രസിഡൻ്റ് ആതിഥേയത്വം വഹിക്കുന്ന വാർഷിക ദുർഗാ പൂജ – വിജയ ദശമി പരിപാടിയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.വിജയ ദശമിയും ശ്രീകൃഷ്ണ ജന്മാഷ്ടമിയും ബംഗ്ലാദേശിന്റെ ദേശീയ അവധി ദിനങ്ങളുടെ പട്ടികയിലാണ്. പക്ഷെ കത്തിൽ എന്ത് കാരണത്താലാണ് ഈ വിവരങ്ങൾ തേടുന്നത് എന്നുണ്ടായിരുന്നില്ല. ഇതാണ് വ്യാപകമായ ആശയക്കുഴപ്പത്തിനും ആശങ്കയ്‌ക്കും കാരണമായതെന്നു ഔദ്യോഗിക വൃത്തങ്ങൾ ന്യായീകരിക്കുന്നു .
പക്ഷെ കഴിഞ്ഞ ഏതാനും ആഴ്ചകളായി മത തീവ്രവാദികളുടെ സമ്മർദ്ദം കാരണം നിരവധി ഹിന്ദു ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും രാജിവെക്കാൻ നിർബന്ധിതരായതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് കാണേണ്ടത് എന്നാണ് വിദഗ്‌ധാഭിപ്രയം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടർന്ന് ന്യൂനപക്ഷ ഹിന്ദു ക്രിസ്ത്യൻ ബുദ്ധ സമുദായാംഗങ്ങളെ ലക്ഷ്യമിട്ട് ആഴ്ചകൾ നീണ്ടുനിന്ന അക്രമത്തിൽ 500-ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
ഇതിന്റെ തുടർച്ചയായിട്ടാണ് സർക്കാർ സംവിധാനങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്നവരെ ലക്ഷ്യമിട്ട് മുസ്‌ലിം തീവ്രവാദികൾ സമ്മർദ്ദ തന്ത്രവുമായി ഇറങ്ങിയത്. പ്രധാനമായും അധ്യാപകരെയും അക്കാദമിക്ക് രംഗത്തുള്ളവരെയും ആയിരുന്നു ലക്ഷ്യമിട്ടത്.
ഹിന്ദു ഓഫീസർമാരുടെ പട്ടിക ഉത്സവ ആവശ്യങ്ങൾക്ക് മാത്രമായി സമാഹരിക്കുന്നുവെന്ന അവകാശവാദം “വിഴുങ്ങാൻ അൽപ്പം ബുദ്ധിമുട്ടാണ്”, ഡൽഹി ആസ്ഥാനമായുള്ള റൈറ്റ്സ് ആൻഡ് റിസ്ക് അനാലിസിസ് ഗ്രൂപ്പിന്റെ (RRAG) ഡയറക്ടർ സുഹാസ് ചക്മ പറഞ്ഞു.
“ബംഗ്ലാദേശ് പ്രസിഡൻ്റ് ഹിന്ദു ഓഫീസർമാരുടെ മാത്രം ലിസ്റ്റ് തേടുന്നത് ഹിന്ദുക്കളുടെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെ പ്രത്യേക ലക്ഷ്യം വയ്‌ക്കുന്നതിന് വേണ്ടി ബംഗ്ലാദേശ് ഗവൺമെൻ്റ് ഹിന്ദുക്കളുടെ വംശീയ പ്രൊഫൈലിംഗ് നടപടിയല്ലാതെ മറ്റൊന്നുമല്ല,” ശ്രീ ചക്മ പറഞ്ഞു.