മ്യാൻമർ: മ്യാൻമറിലെ വിംഗബാവ് ആനക്കൊട്ടിലിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി പിടിയാന. സർക്കാർ ഉടമസ്ഥതയിലുള്ള ടിംബർ എൻ്റർപ്രൈസ് നടത്തുന്ന ബാഗോ മേഖലയിലെ ആനക്കൊട്ടിലിലാണ് ഓമനത്തം തുളുമ്പുന്ന ഇരട്ടക്കുട്ടികളുടെ ജനനം. ആനകളിൽ ഇരട്ടക്കുട്ടികൾ ജനിക്കാനുള്ള സാധ്യത നൂറിൽ ഒന്നു മാത്രമാണ്. അതുകൊണ്ട് തന്നെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് ഒത്തിരി അപൂർവതകളുമുണ്ട്.
പേൾ സിന്റർ എന്ന ആനയ്‌ക്കാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. ഇരട്ടകളിൽ ഒരാൾ ആണും മറ്റൊരാൾ പെണ്ണുമാണെന്നതാണ് ഒരു പ്രത്യേകത. പേൾ സിന്റ്, ക്യാവ് പോൾ എന്നിങ്ങനെയാണ് ഈ ആനക്കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്. സാധാരണ ആനക്കുട്ടികളേക്കാൾ ഉയരം കുറവാണ് ഈ ഇരട്ടക്കുട്ടികൾക്ക്. രണ്ടടി ആറിഞ്ചാണ് ഇവയുടെ ഉയരം. സാധാരണ ആനക്കുട്ടികളുടെ ശരാശരി ഉയരത്തേക്കാൾ നാലിഞ്ച് കുറവാണിതെന്ന് ക്യാമ്പിന്റെ അസിസ്റ്റൻ്റ് മാനേജർ മിയോ മിൻ ഓങ് പറയുന്നു.
ഉയരം കുറവായതുകൊണ്ട് തന്നെ ഇവയ്‌ക്ക് അമ്മയുടെ പാൽ കുടിക്കണമെങ്കിൽ പോലും കാലുകൾക്ക് താഴെ മരക്കട്ടകൾ വച്ച് അതിനുപുറത്ത് കയറി നിൽക്കണം. തുടക്കത്തിൽ ക്ഷീണിതരായിരുന്നെങ്കിലും ഇരട്ട ആനക്കുട്ടികൾ ഇപ്പോൾ നല്ല ഉഷാറിലാണെന്നാണ് പരിപാലകർ പറയുന്നത്. ഇവരെയും അമ്മയാനയെപോലെ ശാന്തതയും സ്നേഹവുമുള്ളവരാക്കി വളർത്തണമെന്നാണ് അവരുടെ ആഗ്രഹം.