ഏതൻസ് : തുറമുഖത്ത് ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് ഗ്രീസിലെ തുറമുഖ നഗരമായ വോലോസിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഗാസെറ്റിക് ഉൾക്കടലിൽ അസാധാരണമാം വിധം മത്സ്യങ്ങൾ ചത്തു പൊങ്ങിയത് സമീപവാസികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട് .100 ടണ്ണിലധികം മത്സ്യങ്ങളെ ഇവിടെ നിന്നും നീക്കം ചെയ്തതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തെസ്സലി മേഖലയിൽ ഉണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്നാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ തുടങ്ങിയത്. വെള്ളപ്പൊക്കത്തിൽ സമീപത്തെ തടാകം കരകവിഞ്ഞൊഴുകി. തൽഫലമായി, തടാകത്തിൽ നിന്നുള്ള ശുദ്ധജല മത്സ്യങ്ങൾ കടലിലേക്ക് പോയി, അവിടെ ഉപ്പുവെള്ളത്തിൽ അതിജീവിക്കാൻ കഴിയാതെ അവചത്ത് പൊങ്ങി എന്നാണ് അനുമാനം .ഇതിനെ തുടർന്ന് വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകൾ നിറഞ്ഞ പ്രാദേശിക സമ്പദ്‌വ്യവസ്ഥ, വളരെയധികം തകർന്നു. വെള്ളപ്പൊക്കത്തിന് ശേഷം സന്ദർശകരുടെ എണ്ണം 80% കുറഞ്ഞു.
സ്ഥിതിഗതികൾ പരിഹരിക്കാൻ, ഗ്രീക്ക് കാലാവസ്ഥാ മന്ത്രാലയം തുറമുഖം വൃത്തിയാക്കാൻ ധനസഹായവും മറ്റു സാമഗ്രികളും നൽകുന്നുണ്ട്. ചത്ത മത്സ്യങ്ങൾ കടൽത്തീരത്ത് ഒഴുകി എത്തുന്നതിന് മുമ്പ് തടയാൻ അവർ നദികളുടെ മുഖത്ത് പ്രത്യേക വലകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ബീച്ചുകളിൽ നിന്ന് ഇതിനകം തന്നെ ധാരാളം ചത്ത മത്സ്യങ്ങളെ അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.















