ഡബ്ല്യുസിസി അംഗങ്ങളുടെ ഇരട്ടത്താപ്പ് അടുത്തിടെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഒരേസമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിൽക്കുന്ന സമീപനമാണ് ഡബ്ല്യുസിസി അംഗങ്ങൾക്കുള്ളതെന്നായിരുന്നു പ്രധാന വിമർശനം. സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന നടിമാർ തന്നെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തുകയും ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുകയും ചെയ്യുന്ന ചില നടന്മാരോടൊപ്പം അഭിനയിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പൊതുസമൂഹം ചൂണ്ടിക്കാണിച്ചിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു നടൻ അലൻസിയറിനൊപ്പം പാർവതി തിരുവോത്ത് അഭിനയിച്ചത്. ഇപ്പോഴിതാ, ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഡബ്ല്യുസിസിയെ അലൻസിയർ പ്രശംസിച്ചു എന്ന് പറയുകയാണ് നടി ജോളി ചിറയത്ത്.
“സ്നേഹിക്കാൻ പരിശീലനം തരാത്ത സമൂഹമാണ് നമ്മുടേത്. പരാതി പറഞ്ഞവർക്കൊപ്പം എന്തിനാണ് നിങ്ങൾ അഭിനയിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. ഞങ്ങളുടെ പരിപാടി നേരെയാക്കുക എന്നതാണ്. മോശമായി പെരുമാറിയതിന്റെ പേരിൽ ഒരാളെ ഭൃഷ്ട് കൽപ്പിക്കുന്നതും തൊഴിലിടത്തിൽ നിന്ന് മാറ്റിനിർത്തുന്നതും ഞങ്ങളുടെ രീതിയല്ല”.
“ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒരു ദിവസം അലൻസിയർ എന്നെ വിളിച്ചു. ‘ഞാനടക്കമുള്ള പുരുഷന്മാർക്ക് കുറേ കാര്യങ്ങൾ മനസ്സിലായി. ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ സ്ത്രീകൾ എടുത്തത് വലിയ ഒരു പണിയാണ്.നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. ഇനി എത്രമാത്രം ഞങ്ങൾ മാറേണ്ടതുണ്ടെന്ന് മനസ്സിലായി’ എന്ന് അലൻസിയർ എന്നോട് പറഞ്ഞു. ഞാൻ അതിനെ നോക്കി കാണുന്നത് നല്ലതായാണ്. മനസ്സിലാക്കിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിൽ ഒരാൾ മനസ്സിലാക്കി”-ജോളി ചിറയത്ത് പറഞ്ഞു.