ടൈംസ് മാഗസിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടി കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. മന്ത്രിക്ക് പുറമേ ഇൻഫോസിസിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ നന്ദൻ നിലേകനി, നടനും നിർമതാവുമായ അനിൽ കുപൂർ എന്നിവരും പട്ടികയിലുണ്ട്.
മൂവരും ‘ഷേപ്പേഴ്സ്’ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിജിറ്റൽ മേഖലയിലെ സംഭവാനകൾക്കാണ് നന്ദൻ നിലേകനി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ സെമി കണ്ടക്ടർ നിർമാണ മേഖലയിലെ സംഭാവനകൾക്കാണ് അശ്വിനി വൈഷ്ണവിനെ ടൈംസ് മാഗസിൻ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ എഐ കുതിപ്പിന് പിന്നിലെ മാസ്റ്റർ ബ്രെയ്നും അദ്ദേഹമാണെന്ന് ടൈംസ് മാഗസിൻ വ്യക്തമാക്കുന്നു. എഐ മേഖലയിൽ ആഗോളതലത്തിൽ ഇന്ത്യ വൻ കുതിപ്പിന് തുടരുന്നതിനിടെയാണ് ഐടി മന്ത്രിക്ക് അംഗീകാരം ലഭിക്കുന്നത്.
അശ്വിനി വൈഷ്ണവിന്റെ നേതൃപാടവമാണ് ഇലക്ട്രേണിക്സ് മേഖലയിൽ പ്രകടമാകുന്നത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സെമികണ്ടക്ടർ നിർമാണ മേഖലയിലെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. അതിനുള്ള പ്രവർത്തനങ്ങൾ അണിയറയിലൊരുങ്ങുകയാണ്. ഇതിനോടകനം തന്നെ ഫാക്ടറികളുടെ നിർമാണം ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സിംഗപ്പൂർ സന്ദർശനവും ഈ ലക്ഷ്യത്തിന് വളമാകുമെന്നാണ് കണക്കുക്കൂട്ടൽ.
സ്വകാര്യ മേഖലയിലെ ഗവേഷണ പര്യാപ്തയും ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉയർന്ന് ഇറക്കുമതി ചെലവും അടിസ്ഥാന സൗകര്യ കുറവും നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യ നിർമിത ബുദ്ധിയിൽ കുതിക്കുകയാണെന്നും ലോകത്തിന് തന്നെ മാതൃകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
‘ഇന്ത്യയുടെ ബിൽ ഗേറ്റ്സ്’ എന്നാണ് നന്ദൻ നിലേകനി അറിയപ്പെടുന്നത്. ഇൻഫോസിസിന്റെ സഹസ്ഥാപകനായ അദ്ദേഹം കഴിഞ്ഞ 15 വർഷക്കാലമായി ഇന്ത്യയിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി പരിശ്രമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയൽ കാർഡായ ആധാർ പദ്ധതിക്ക് തുടക്കം കുറിച്ചത് നന്ദൻ നിലേകനിയാണ്. രാജ്യത്തിനകത്തും പുറത്തും നടത്തിയ ഡിജിറ്റൽ പരിവർത്തനങ്ങൾക്കാണ് ടൈംസ് മാഗസിന്റെ അംഗീകാരം.
അനുമതിയില്ലാതെ അനിൽ കപൂറിന്റെ ശബ്ദം, പേര്, ചിത്രം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്ത സംഭവത്തിൽ ഡൽഹി ഹൈക്കോടതി 16 സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കപൂറിന്റെ നിയമ പോരാട്ട വിജയം അവകാശങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകത്തിന് പാഠമാണെന്ന ചൂണ്ടിക്കാട്ടിയാണ് ടൈംസ് മാഗസിനിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയത്.
ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ സുന്ദർ പിച്ചെ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മെറ്റ സിഇഒ മാർക്ക് സുക്കർൂബർഗ് എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.















