യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഒറ്റയ്‌ക്കോ കൂട്ടുകാരൊത്തോ കുടുംബമായോ യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. വിദേശരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ വിദേശരാജ്യങ്ങളിലെ റോഡുകളിൽ ഡ‍്രൈവ് ചെയ്യാൻ സുവർണാവസരം ലഭിച്ചാലോ?
അതിന് ലൈസൻസല്ലെ ആദ്യം വേണ്ടതെന്ന് തോന്നിയേക്കാം. അതെ വാഹനമോടിക്കണമെങ്കിൽ ലൈസൻസ് നിർബന്ധമാണ്. എന്നാൽ ഈ രാജ്യങ്ങളിൽ ഇന്ത്യൻ ലൈസൻസുള്ളവർക്ക് ധൈര്യമായി ഡ്രൈവ് ചെയ്യാം. ഇന്ത്യൻ ലൈസൻസ് അനുവദിക്കുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം..
മലേഷ്യ
ഇംഗ്ലീഷിലോ മലായിലോ ആണ് ലൈസൻസെങ്കിൽ മലേഷ്യൻ റോഡുകളിൽ ചീറിപ്പായാം. മലേഷ്യയിലെ ഇന്ത്യൻ എംബസി രേഖകൾ പരിശോധിക്കേണ്ടതുണ്ട്. ഇതൊന്നും ഇല്ലെങ്കിൽ അന്താരാഷ്‌ട്ര ലൈസൻസ് നിർബന്ധമാണ്.
സ്വിറ്റ്സർലൻഡ്
കുത്തനെയുള്ള പർവതങ്ങളും പ്രശാന്തത നിറഞ്ഞ തടാകങ്ങളും നിറഞ്ഞ വഴികളാണ് സ്വിറ്റ്സർലൻഡിലെ റോഡുകളുടെ പ്രത്യേകതകൾ. ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ സ്വിറ്റ്സർലൻഡിൽ ഡ്രൈവ് ചെയ്യാം. ഇംഗ്ലീഷിലായിരിക്കണം ലൈസൻസ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ന്യൂസിലൻഡ്
21 വയസാണ് രാജ്യത്ത് വാഹനമോടിക്കാനുള്ള കുറഞ്ഞ പ്രായം. ഇന്ത്യയിലേത് പോലെ ഇടത് വശം ചേർന്ന് വാഹനമോടിക്കാവുന്നതാണ്. ഇംഗ്ലീഷിലോ ന്യൂസിലൻഡിലെ ട്രാൻസ്പോർട്ട് ഏജൻസി അംഗീകരിച്ച ഭാഷയിലോ ആയിരിക്കണം ലൈസൻസ്.
സ്‌പെയിൻ
ഇന്ത്യൻ ലൈസൻസുമായി ആറ് മാസം വരെ സ്‌പെയിനിൽ വാഹനമോടിക്കാം. താമസാനുമതി നേടിയവർക്ക് മാത്രമാണ് ഇതിനുള്ള അനുമതി ലഭിക്കുക. ഇംഗ്ലീഷിലോ അംഗീകൃത ഭാഷയിലോ ആയിരിക്കണം ലൈസൻസ്.
ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയിൽ മൂന്ന് മാസത്തെ കാലവധിയാണ് ഇന്ത്യൻ ലൈസൻസിനുള്ളത്. സുരക്ഷിതമായ യാത്രയ്‌ക്കായി റോഡ് സുരക്ഷാ നിയമങ്ങൾ അറിഞ്ഞിരിക്കുക.
ഐസ്‌ലൻഡ്
ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് ഐസ്‌ലൻഡ്. അഗ്നിപർവതങ്ങളും ഹിമാനികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമ്പന്നമായ രാജ്യത്ത് ഡ്രൈവിംഗ് ആസ്വദിക്കാൻ ഇന്ത്യക്കാർക്ക് അനുമതിയുണ്ട്. ഇംഗ്ലീഷിൽ അച്ചടിച്ച ലൈസൻസ് അനിവാര്യമാണ്.
ഭൂട്ടാൻ
ഇന്ത്യക്കാരുടെ ഇഷ്ടരാജ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ഭൂട്ടാൻ. ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ളവ ഓടിക്കാവുന്നതാണ്. പെർമിറ്റെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.