ചെന്നൈ : ഒൻപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പപ്പായ ഇലയുടെ നീര് നൽകി കൊലപ്പെടുത്തി രക്ഷിതാക്കൾ . വെല്ലൂർ ജില്ലയിലെ ഒടുഗത്തൂരിലാണ് സംഭവം . സംഭവത്തിൽ 30 കാരനായ ജീവ, ഭാര്യ 25 കാരിയായ ഡയാന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . ഇവരുടെ രണ്ടാമത്തെ കുഞ്ഞാണ് കൊല്ലപ്പെട്ടത് . ആൺകുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ദമ്പതികൾ രണ്ടാമതും പെൺകുഞ്ഞ് പിറന്നതോടെ അസ്വസ്ഥരായിരുന്നുവെന്ന് ഡയാനയുടെ പിതാവ് പോലീസിനോട് പറഞ്ഞു.
ഓഗസ്റ്റ് 27 നാണ് ഡയാന പെൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നാലെ ബ്ലഡ് കൗണ്ട് കുറഞ്ഞ ഡയാനയെ വെല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 9 ദിവസത്തിന് ശേഷം ഇന്നലെയാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചത്. അൽപ്പം നേരത്തിന് ശേഷം കുഞ്ഞിനെ കാണാനെത്തിയ ഡയാനയുടെ പിതാവ് ശരവണനാണ് കുഞ്ഞിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത് .
തുടർന്ന് വീട്ടുകാരെയെല്ലാം വിവരമറിയിച്ചു. ഇതിനിടെ ജീവയും ഭാര്യ ഡയാനയും തിടുക്കത്തിൽ വീടിനു സമീപം കുഴിയെടുത്ത് കുട്ടിയുടെ മൃതദേഹം മറവു ചെയ്തു. ഇതിൽ സംശയം തോന്നിയ ഡയാനയുടെ പിതാവ് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് മാതാപിതാക്കൾ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത് . ഇതിനിടെ മാതാപിതാക്കൾ ഒളിവിൽ പോയെങ്കിലും പോലീസ് ഇവരെ പിടികൂടി.
വീട്ടുമുറ്റത്തെ പപ്പായമരത്തിൽ നിന്ന് ഇലകൾ പറിച്ചെടുത്ത് നീരാക്കി കുഞ്ഞിന്റെ വായിലും , മൂക്കിലും ഒഴിക്കുകയായിരുന്നുവെന്ന് ജീവ പോലീസിനോട് പറഞ്ഞു . വായിലും മൂക്കിലും ദ്രാവകം നിറഞ്ഞ് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്.















