ന്യൂഡൽഹി: രാജ്യത്ത് ഒൻപത് വിമാനത്താവളങ്ങളിൽ കൂടി ഡിജിയാത്ര സൗകര്യം ലഭ്യമാകും. കോയമ്പത്തൂർ, വിശാഖപട്ടണം, റാഞ്ചി, ഭുവനേശ്വർ, ഇൻഡോർ, ബാഗ്ദോഗ്ര,പട്ന, റായ്പൂർ, ഡബോലിം എന്നിവിടങ്ങളിലാണ് പുതുതായി ഡിജിയാത്ര സേവനം ലഭ്യമായി തുടങ്ങിയത്. ഇതോടെ രാജ്യത്ത് 24 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സൗകര്യം ലഭ്യമാണ്.
പ്രവേശനത്തിന് ടിക്കറ്റും തിരിച്ചറിയൽ കാർഡും ഉപയോഗിക്കുന്നതിന് പകരം ബയോമെട്രിക് സംവിധാനമാണ് ഡിജിയാത്രയിൽ ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് തിരക്ക് മറികടന്ന് അതിവേഗം അകത്തേക്ക് കടക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ഡിജിയാത്ര മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സേവനം ലഭിക്കുക.
ഡിജിയാത്ര ഉപയോക്താക്കൾക്ക് സെക്യൂരിറ്റി ചെക്കിനും പ്രത്യേക ലൈനും ഉണ്ടായിരിക്കും. രാജ്യത്ത് ഇതുവരെ 55 ലക്ഷം ഉപയോക്താക്കളാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്.















