മലപ്പുറം; നിലമ്പൂർ എംഎൽഎ പിവി അൻവറിന് പരാതി ഉണ്ടായിരുന്നെങ്കിൽ അത് ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഫോറത്തിൽ ആയിരുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. പാർട്ടി ഫോറത്തിൽ ഉന്നയിച്ചിട്ടില്ലെന്നും ഇതാണ് വിവാദമായതെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.
എല്ലാ പരാതികൾക്കും പരിഹാരമായി എന്ന് വരില്ല. അൻവർ എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് പറയാൻ കഴിയില്ല. പാർട്ടി കമ്മിറ്റിയിൽ ഉളള ആളല്ല, സ്വതന്ത്രനാണ്. അതാണ് ഇങ്ങനെ പരസ്യമായി പറയുന്നത്. പാർട്ടി അച്ചടക്കത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദപ്പെട്ട ആളുകൾ പാർട്ടി കമ്മിറ്റിയിലാണ് പ്രശ്‌നം ഉന്നയിക്കേണ്ടത്. അല്ലാതെ പുറത്തല്ല. പുറത്ത് ഉന്നയിക്കുന്ന ഘട്ടം അവസാനമാണ് വരുന്നത്. മറ്റ് വഴിയില്ലാത്ത ഘട്ടത്തിലാണിത്.
ആദ്യം തന്നെ വിവാദം ഉണ്ടാക്കുന്ന രീതിയിൽ പ്രസ്താവന നടത്തുക, പിന്നെ പരാതി കൊടുക്കുക ആ രീതി ശരിയല്ലെന്നും പാലൊളി മുഹമ്മദ് കുട്ടി വിമർശിച്ചു. അൻവർ ഉന്നയിച്ച ആക്ഷേപം ഗൗരവമുളളതാണ് അതുകൊണ്ടാണ് മുഖ്യമന്ത്രി സമയമെടുത്ത് അതെല്ലാം കേട്ട് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണമാണ് പിവി അൻവർ ഉന്നയിച്ചിരുന്നത്. പൊലീസിനെ ഉൾപ്പെടെ പി. ശശിയാണ് നിയന്ത്രിക്കുന്നതെന്ന് ആയിരുന്നു വിമർശനം. ക്രമസമാധാന പാലന ചുമതലയുളള എഡിജിപി എംആർ അജിത് കുമാറിനെതിരെയും പി. ശശിയുമായി ബന്ധപ്പെട്ട് അൻവർ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും അൻവർ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ അൻവറിന്റെ പരാതിയിൽ പി ശശിയുടെ പേരില്ലെന്നും സർക്കാർ തലത്തിൽ പരാതി കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചത്. പരാതിയിൽ പറഞ്ഞിട്ടുളളത് ഭരണതലത്തിലുളള ഉദ്യോഗസ്ഥരെക്കുറിച്ചുളളതാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
വിഷയം ബ്രാഞ്ച് സമ്മേളനങ്ങളിലുൾപ്പെടെ ചർച്ച ചെയ്യുമെന്ന് സിപിഎം നേതാക്കളിൽ പലരും പറയുമ്പോഴാണ് വിഷയം ഭരണതലത്തിൽ പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറയുന്നത്.