കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ റോഡ് ഉദ്ഘാടനത്തിനെതിരെ സിപിഎം ശക്തികേന്ദ്രങ്ങളിൽ പോസ്റ്റർ. കോഴിക്കോട് പാറക്കടവ് ചെക്യാട് റോഡ് ഉദ്ഘാടനത്തിനെതിരെയാണ് പോസ്റ്റർ പ്രതൃക്ഷപ്പെട്ടത്. ഉദ്ഘാടനം ചെയ്യുന്നത് അഴിമതി റോഡ് ആണെന്നാണ് വിമർശനം.
പോസ്റ്ററിനൊപ്പം കരിങ്കൊടിയും കെട്ടിയിട്ടുണ്ട്. പണി തീരാത്ത റോഡിന് ഇത്ര ധൃതി പിടിച്ച് ഉദ്ഘാടനം ആർക്ക് വേണ്ടിയാണെന്ന ചോദ്യമാണ് പോസ്റ്ററിലുളളത്. ഇതിന് പിന്നാലെയാണ് അഴിമതി റോഡെന്ന വിമർശനവും ചേർത്തിരിക്കുന്നത്.
സിപിഎം ശക്തി കേന്ദ്രങ്ങളിൽ പോസ്റ്റർ പ്രതൃക്ഷപ്പെട്ടത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആരാണ് പോസ്റ്ററിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. നേരത്തെ ജില്ലാ സെക്രട്ടറിയേറ്റിലടക്കം മുഹമ്മദ് റിയാസിനെതിരെ അഴിമതി ആരോപണവും വിമർശനവും ഉയർന്നു വന്നിരുന്നു. നേരത്തെ റോഡിന്റെ നിർമാണം മുടങ്ങിയതും ഇഴഞ്ഞുനീങ്ങിയതും വാർത്തകളായിരുന്നു.















