നടൻ കൃഷ്ണ കുമാറിന്റെ മകളായ ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വളരെ ലളിതമായി നടത്തിയ വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും നിമിഷ നേരങ്ങൾക്കുള്ളിൽ മില്യൺ വ്യൂസ് അടിച്ചിരുന്നു. എന്നാൽ ദിയയെക്കാൾ പ്രേക്ഷക ശ്രദ്ധ പതിഞ്ഞത് സഹോദരിമാരായ അഹാനയിലേക്കും , ഇഷാനിയിലേക്കും, ഹൻസികയിലേക്കുമായിരുന്നു. ദിയ, ഗുജറാത്തി സ്‌റ്റൈൽ ബ്രൈഡൽ ലുക്ക് തെരഞ്ഞെടുത്തപ്പോൾ സഹോദരിമാർ കേരള സ്‌റ്റൈൽ വെഡ്ഡിംഗ് ലുക്കായിരുന്നു തെരഞ്ഞെടുത്തത്. ഇതിനാൽ ആരാധകർ പലരും അഹാനയുടെ വിവാഹമാണെന്നും സംശയിച്ചു. ഛായാഗ്രാഹകൻ നിമിഷ് രവി പങ്കുവച്ച ചിത്രങ്ങൾക്ക് സംശയത്തിന് ആക്കം കൂട്ടി. ഇതിന് മറുപടിയായി നിമിഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെയും അഹാനയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് താരം അറിയിച്ചു. അഹാനയും നിമിഷും ബ്രൈഡൽ ആൻഡ് ഗ്രൂം ലുക്കിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ ഇരുവർക്കും ആശംസകൾ നേർന്ന് ആരാധകരെത്തിയോടെയാണ് നിമിഷിന്റെ വിശദീകരണം.
താനും അഹാനയും ഉറ്റ സുഹൃത്തുക്കളാണെന്നും അഹാനയുടെ സഹോദരിയുടെ വിവാഹ ദിവസം എടുത്ത ചിത്രങ്ങളാണെന്നും താരം പറഞ്ഞു. ”എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ വിവാഹമായിരുന്നു.”- നിമിഷ് കുറിച്ചു.
അഹാനയും നിമിഷും ബാല്യകാല സുഹൃത്തുക്കളാണ്. ഇരുവരും ഒപ്പമുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ടൊവിനോ തോമസ്, അഹാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ലൂക്കയുടെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷാണ്. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനികളിലും നിമിഷ് ഛായാഗ്രാകനായി പ്രവർത്തിച്ചിട്ടുണ്ട്.















