പാകിസ്താൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫിന്റെ യുപിയിലെ കുടുംബ സ്വത്ത് ലേലം ചെയ്തു . ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഹെക്ടർ ഭൂമിയും ജീർണ്ണിച്ച മാളികയുമാണ് 1.38 കോടി രൂപയ്‌ക്ക് ലേലം ചെയ്തത്. ബാഗ്പത്തിലെ തന്നെ മൂന്ന് കർഷകർ ചേർന്നാണ് ഭൂമി വാങ്ങിയതെന്ന് അധികൃതർ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ എനിമി പ്രോപ്പർട്ടി കസ്റ്റോഡിയൻ ഓഫീസാണ് കൊട്ടാനയിലെ സ്വത്ത് വിറ്റഴിച്ചത്. 1947 നും 1962 ഇടയിൽ പാകിസ്താനിലും ചൈനയിലും പൗരത്വം നേടിയവർ ഇന്ത്യയിൽ ഉപേക്ഷിച്ച സ്വത്താണ് ശത്രു സ്വത്ത് (എനിമി പ്രോപ്പർട്ടി) എന്നറിയപ്പെടുന്നത്. 1968-ലാണ് ശത്രു സ്വത്ത് നിയമം നിലവിൽ വന്നത്. രാജ്യത്ത് മൊത്തം 12,611 ‘എനിമി പ്രോപ്പർട്ടി’ ഉണ്ടെന്നാണ് കണക്ക്. ഏകദേശം ഒരു ലക്ഷം കോടി രൂപ വിലമതിക്കും
കൊട്ടാന ഗ്രാമത്തിലാണ് പർവേസ് മുഷറഫിന്റെ അച്ഛൻ മുഷറഫുദ്ദീനും അമ്മ ബീഗം സറീനും വിവാഹത്തിന് ശേഷം താമസിച്ചിരുന്നത്. 1943 ൽ ഇവർ ഡൽഹിയിലേക്ക് പോയി. പിന്നീട് വിഭജന സമയത്ത് പാകിസ്താനിലേക്ക് കുടിയേറുകയും ചെയ്തു. പർവേസ് മുഷറഫിന്റെ ബന്ധുവിന്റെ പേരിലാണ് സ്വത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്. 15 വർഷം മുമ്പ് ഇവ ശത്രു സ്വത്തിലേക്ക് സർക്കാർ ഉൾപ്പെടുത്തി.
2023 ഫെബ്രുവരി 5 നാണ് പർവേസ് മുഷറഫ് മരണപ്പെട്ടത്. മുൻ സൈനിക മേധാവിയായിരുന്ന മുഷറഫ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തത്. 1999 മുതൽ 2008 വരെ പാകിസ്താന്റെ പ്രസിഡൻറായിരുന്നു. ഭൂമിക്ക് പുതിയ ഉടമസ്ഥാരായതോടെ പർവേസ് മുഷറഫിന്റെ കുടുംബത്തിന്റെയും അവസാന വേരും യുപിയിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു.















