കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പന്റെ അനുഗ്രഹം തേടി അറബി നാട്ടിൽ നിന്ന് ഭക്തൻ. യുഎഇ സ്വദേശി സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്‌വിയാണ് മുത്തപ്പന്റെ മടപ്പുരയിൽ എത്തിയത്. ഇന്ന് പുലർച്ചെയാണ് പറശ്ശിനി മടപ്പുരയിൽ യുഎഇ സ്വദേശി ദർശനത്തിന് എത്തിയത്.
മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങിയ സൈദ് മുഹമ്മദ് പ്രസാദമായി നൽകുന്ന വൻപയറും ചായയും കുടിച്ചതിനുശേഷമാണ് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. കീച്ചേരി സ്വദേശി രവീന്ദ്രന്റെ കൂടെയായിരുന്നു സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബി പറശ്ശിനിക്കടവിൽ നടത്തിയത്.
കണ്ണൂർ നഗരത്തിൽ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തന്നിൽ പ്രതീക്ഷയർപ്പിച്ച് എത്തുന്നവരെ മുത്തപ്പന്‍ ഒരിക്കലും നിരാശരാക്കില്ലെന്നാണ് വിശ്വാസം. ദ്രാവിഡ പൂജാവിധി ആയതിനാല്‍ ഇവിടെ മുത്തപ്പനുള്ള നിവേദ്യം കള്ളും ചുട്ട മീനുമാണ്. വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് മുത്തപ്പന്‍ സന്നിധിയിലെ പ്രധാന വഴിപാടുകള്‍. എല്ലാ ദിവസവും പുലര്‍ച്ചയ്‌ക്ക് തിരുവപ്പനയും വെളളാട്ടവും, വൈകുന്നേരം ഊട്ടും വെളളാട്ടവും നടത്തുന്നു.