പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ നേരിടുന്ന സ്ഥിരം പ്രശ്നങ്ങളിലൊന്നാണ് പതഞ്ഞുതൂവൽ. വിസിലടിക്കാൻ തുടങ്ങുമ്പോൾ മുതൽ കുക്കറിന്റെ അരികുവശങ്ങളിൽ നിന്ന് വെള്ളവും പതയും നിറഞ്ഞുപോകാൻ തുടങ്ങും. ഈ പ്രശ്നം ഒഴിവാക്കാൻ ചില മാർഗങ്ങളുണ്ട്. അവയെന്താണെന്ന് നോക്കാം..
സീലിംഗ് റിംഗ് പരിശോധിക്കുക
കുക്കറിന്റെ റബ്ബർ/സിലിക്കോൺ സീലിംഗ് റിംഗ് പരിശോധിക്കുക. വിള്ളലോ മറ്റ് തകരാറുകളോ ഉണ്ടെങ്കിൽ അത് മാറ്റുക.
വെന്റ് ട്യൂബ് വൃത്തിയാക്കുക
കുക്കറിന്റെ വെന്റ് ട്യൂബ് പരിശോധിക്കുക. ഏതെങ്കിലും ഭക്ഷണ പദാർത്ഥം ട്യൂബിനുള്ളിൽ അകപ്പെട്ട് ഇരിക്കുന്നുണ്ടോയെന്ന് നോക്കുക. ചെറിയ ബ്രഷോ ടൂത്ത്പിക്കോ ഉപയോഗിച്ച് ട്യൂബ് നല്ലപോലെ ക്ലീൻ ചെയ്യുക. ഓരോ തവണ കുക്കർ ഉപയോഗിച്ച് കഴിയുമ്പോഴും വെന്റ് ട്യൂബ് വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
ലിഡ് അടയ്‌ക്കുമ്പോൾ..
കുക്കറിന്റെ ലിഡ് ശരിയായ വിധം കുക്കറിന്റെ ബേസിൽ വയ്‌ക്കുക. ലിഡ് അടയ്‌ക്കുന്നതിൽ പാകപ്പിഴ വരുത്തിയാൽ കുക്കറിൽ നിന്ന് ലീക്ക് ഉണ്ടാകാൻ കാരണമാകും.
ഭക്ഷണം നിറയ്‌ക്കുന്നത്..
ഭക്ഷണം കുത്തിനിറച്ച് വയ്‌ക്കാതിരിക്കുക. കുക്കറിന്റെ മുക്കാൽഭാഗത്തിന് താഴെ മാത്രം സാധനങ്ങൾ നിറയ്‌ക്കുക. ആഹാരം കുത്തിനിറച്ച് വച്ചാൽ വെന്റ് ട്യൂബോ സേഫ്റ്റി വാൽവോ ബ്ലോക്ക് ആയേക്കും. അത് ലീക്കേജിനും കാരണമാകും.
ആവശ്യത്തിന് വെള്ളം
കുക്കറിൽ സാധനങ്ങൾ വയ്‌ക്കുമ്പോൾ റെസിപ്പിയിൽ പറയുന്നത് പ്രകാരമുള്ള അളവിൽ വെള്ളം ഒഴിക്കുക. ആഹാര സാധനത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് വെള്ളം ചേർക്കാനും ശ്രദ്ധിക്കുക. കൂടുതൽ വെള്ളം ഒഴിക്കുന്നത് ലീക്കേജിന് കാരണമാകും.