ന്യൂഡൽഹി: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിന് (ട്വിറ്റർ) സാങ്കേതിക തകരാർ. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എക്സ് ഉപയോക്താക്കൾക്ക് തടസം നേരിട്ടതായാണ് റിപ്പോർട്ട്. അമേരിക്കയിൽ മാത്രം 164 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തെമ്പാടുമായി 8,200 കേസുകളും രേഖപ്പെടുത്തി.
ഇന്ത്യയിൽ മാത്രം 350 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. എക്സ് ആപ്പ് ആക്സസ് ചെയ്യാൻ കഴിയാതെ വരിക, വെബ്സൈറ്റ് വേർഷനിൽ പ്രശ്നങ്ങൾ കാണുക, ലോഗിൻ ചെയ്യാൻ പ്രയാസം നേരിടുക തുടങ്ങിയ തടസങ്ങളാണ് ഇന്ത്യയിലെ എക്സ് ഉപയോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യുന്നത്. തകരാറിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. എക്സിന്റെ പ്രതിനിധികൾ ഔദ്യോഗിക പ്രതികരണവും നടത്തിയിട്ടില്ല.
ഏറെ ജനപ്രീതിയുള്ള മൈക്രോ ബ്ലോഗിംഗ് സൈറ്റാണ് എക്സ്. കുറിപ്പുകളും ഫോട്ടോകളും വീഡിയോയും ഇതിലൂടെ പങ്കുവയ്‌ക്കാം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് മസ്ക് ഏറ്റെടുത്തതോടെയാണ് ട്വിറ്റർ എന്ന് പേര് പുനർനാമകരണം ചെയ്ത് എക്സ് എന്നാക്കിയത്.