തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിൽ ബിജെപി പ്രതിഷേധം. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി.
കഴിഞ്ഞ മൂന്ന് ദിവസമായി തലസ്ഥാന നഗരി വെള്ളമില്ലാതെ അലയുകയാണെന്ന് ബിജെപി കൗൺസിലർ എം.ആർ ഗോപൻ പറഞ്ഞു. നഗരസഭയുടെയും വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരെ ഫോൺ വിളിച്ചാൽ എടുക്കില്ല. ഇനിയും വെള്ളമെത്തിയില്ലെങ്കിൽ നഗരസഭയ്ക്കും വകുപ്പ് മന്ത്രിക്കുമെതിരെ സമരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുടിവെള്ള പ്രശ്നം പരിഹരിക്കാനെന്ന പേരിൽ വിളിച്ചു ചേർത്ത യോഗങ്ങളിൽ കൗൺസിലർമാരെ വിളിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം പാർട്ടിയിലെ കൗൺസിലർമാരെ മാത്രം വിളിച്ചുവരുത്തി പ്രഹസനം നടത്തുക മാത്രമാണ് ചെയ്തതെന്നും എം. ആർ ഗോപൻ തുറന്നടിച്ചു.
തിരുവനന്തപുരം- നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗത്ത് നിന്നുള്ള ട്രാൻസ്‌മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്ന പണികൾക്കായാണ് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം വാട്ടർ അതോറിറ്റി നിർത്തിയത്. സെക്രട്ടേറിയറ്റി ഉൾപ്പടെ നഗരത്തിന്റെ പ്രധാന മേഖലകൾ ഉൾപ്പെടുന്ന 450-ഓളം വാർഡുകളിൽ ജലവിതരണം പൂർണമായും മുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ബദൽ സംവിധാനമൊരുക്കാൻ വാട്ടർ അതോറിറ്റി തയ്യാറായിരുന്നില്ല.















