പാരാലിമ്പിക്സ് വേദിയിൽ ഇന്ത്യൻ കുതിപ്പ് തുടരുകയാണ്. അതിനിടെ ഇന്നലെ പുരുഷന്മാരുടെ ജാവലിൻത്രോ എഫ് 41 ഫൈനൽ വേദിയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പതാക വിവാദത്തെ തുടർന്ന് ഇറാൻ താരത്തെ മറികടന്ന് ഇന്ത്യൻ പാര അത്ലറ്റ് നവ്ദീപ് സിംഗ് സ്വർണ മെഡൽ കരസ്ഥമാക്കി. 47.32 മീറ്റർ ദൂരം എറിഞ്ഞാണ് നവദീപ് ഇന്ത്യക്കായി ജാവലിൻ എഫ്41 വിഭാഗത്തിലെ ആദ്യ സ്വർണം സമ്മാനിച്ചത്.
വേൾഡ് പാരാ അത്ലറ്റിക്സ് റൂൾസ് ആൻഡ് റെഗുലേഷൻസ് ചട്ടം 8.1 ലംഘിച്ചതിനാലാണ് ഇറാനിയൻ ജാവലിൻ ത്രോ താരം ബെയ്ത് സയ സദേഗിനെ അയോഗ്യനാക്കിയത്. ഇൻ്റർനാഷണൽ പാരാലിമ്പിക് കമ്മിറ്റിയുടെ നിയമങ്ങൾ അനുസരിച്ച് അത്ലറ്റുകൾ പരിപാടിക്കിടെ പ്രത്യേക ലക്ഷ്യം വച്ചുള്ള ആംഗ്യങ്ങളോ പെരുമാറ്റങ്ങളോ നടത്താൻ പാടില്ല. തുടർച്ചയായി ചുവന്ന നിറത്തിൽ അറബി അക്ഷരങ്ങളുള്ള കറുത്ത പതാക പ്രദർശിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് മത്സരം അവസാനിച്ചതിന് ശേഷം ഇറാൻ താരത്തെ അയോഗ്യനാക്കിയത്.
ഫൗളോടെയാണ് 23-കാരനായ നവ്ദീപ് സിംഗ് മത്സരം ആരംഭിച്ചത്. രണ്ടാം ശ്രമത്തിൽ 46.39 മീറ്റർ ദൂരമെറിഞ്ഞ് വീഴ്ത്തി, ഇതോടെ രണ്ടാം സ്ഥാനത്തായി. മൂന്നാമത്തെ ത്രോ സ്റ്റേഡിയത്തെ ഒന്നാകെ ഹരം കൊള്ളിച്ചു. പാരാലിമ്പിക്സ് ചരിത്രത്തിലെ റെക്കോർഡ് ദൂരമായ 47.32 മീറ്റർ എറിഞ്ഞുവീഴ്ത്താൻ ഈ ഹരിയാനക്കാരന് സാധിച്ചു. ഇതോടെ ഇന്ത്യ മെഡലുറപ്പിച്ചു. എന്നാൽ ഇറാന്റെ സദേഗ് അഞ്ചാം ശ്രമത്തിൽ 47.64 മീറ്ററെന്ന റെക്കോർഡ് ദൂരമെറിഞ്ഞപ്പോൾ ഇന്ത്യക്ക് കപ്പിനും ചുണ്ടിനുമിടയിൽ സ്വർണം നഷ്ടമായെന്നാണ് ആദ്യം കരുതിയത്. സ്വർണം ഇറാൻ താരത്തിനെന്ന് തന്നെ ഉറപ്പിച്ചു.
എന്നാൽ മത്സരം അവസാനിച്ചതോടെയായിരുന്നു വമ്പൻ ട്വിസ്റ്റ്. ഇറാൻ താരത്തെ അയോഗ്യനാക്കിയതായി പ്രഖ്യാപനം. പിന്നാലെ ഇന്ത്യൻ താരം നവ്ദീപ് സ്വർണത്തിളക്കത്തിൽ പോഡിയത്തിൽ, അതും റെക്കോർഡോടെ. പാരാലിമ്പിക്സിൽ ഇന്ത്യക്ക് നവദീപിലൂടെ സുപ്രധാന നാഴികക്കല്ല് പിന്നിടാൻ സാധിച്ചു. ടോക്കിയോ വേദിയിൽ നാലം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ച താരമാണ് ഇന്ന് ഇന്ത്യക്കായി സ്വർണ മെഡൽ കരസ്ഥമാക്കിയിരിക്കുന്നത്.
Gold medal throw 🥇 🇮🇳👏#Navdeep pic.twitter.com/jDMGr8nSHm
— Nitin Gupta (@Guptaji79291894) September 7, 2024
44.72 മീറ്റർ എറിഞ്ഞ് ചൈനയുടെ സൺ പെങ്സിയാങ് വെള്ളി മെഡൽ നേടി. 47.64 മീറ്റർ എന്ന റെക്കോർഡ് ദൂരമാണ് രണ്ടാം ത്രോയിൽ കാഴ്ചവച്ചതെങ്കിലും പിന്നീട് സൺ പിന്നിലാവുകയായിരുന്നു. ഇറാഖിന്റെ നുഖൈലാവി വിൽഡൻ 40.46 മീറ്റർ ദൂരമെറിഞ്ഞ് വെങ്കലവും കരസ്ഥമാക്കി.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് നവ്ദീപ് സിംഗ്. ദേശീയ ഗുസ്തി താരമായ പിതാവിൽ നിന്ന് പ്രചോദം ഉൾക്കൊണ്ടാണ് നവ്ദീപ് അത്ലറ്റിക്സിലേക്ക് തിരിഞ്ഞത്. 2017-ൽ പ്രൊഫഷണൽ കോച്ചിംഗ് ആരംഭിച്ച് ഏഷ്യൻ യൂത്ത് പാരാ ഗെയിംസിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. അഞ്ച് ദേശീയ സ്വർണ്ണ മെഡലുകൾ നേടിയ അദ്ദേഹം 2021-ൽ ദുബായിൽ നടന്ന ഫാസ ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.
ടോക്കിയോ പാരാലിമ്പിക്സിലും 2022-ലെ ഏഷ്യൻ പാരാ ഗെയിംസിലും തിരിച്ചടി നേരിട്ടെങ്കിലും നിശ്ചയദാർഢ്യത്തിന് മുന്നിൽ പരാജയം മുട്ടുകുത്തി. കോബെയിൽ നടന്ന ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി തിരിച്ചുവരവ് അറിയിച്ചു. ഇതിന് പിന്നാലെയാണ് പാരിസിലെ സ്വർണ തിളക്കം. നിലവിൽ ബെംഗളൂരുവിൽ ആദായനികുതി വകുപ്പിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ് നവ്ദീപ് സിംഗ്.