പാലക്കാട്: പരിസ്ഥിതിലോല മേഖലയാണെങ്കിലും മനുഷ്യവാസ പ്രദേശത്ത് നിന്ന് ആരെയും ഇറക്കിവിടില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഒരു നിയമത്തിന്റെയും പേരിൽ മനുഷ്യന് പ്രശ്നമുണ്ടാകില്ല. അവരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ കർഷകർ നിയമപരമായി കുടിയേറിയവരാണ്. നിയമപരമായി കൃഷി ചെയ്ത് രാജ്യത്തിന്റെ പുരോഗതിക്ക് അവർ സംഭാവന ചെയ്യുന്നുണ്ട്. കിസാൻ സമ്മാൻ നിധിയിലൂടെ നാല് മാസത്തിലൊരിക്കൽ 2,000 രൂപ വീതം കർഷകർക്ക് നൽകുന്നത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളെ കുറിച്ച് സംസ്ഥാന സർക്കാർ നൽകുന്ന റിപ്പോർട്ട് അതേപടി കേന്ദ്രം അംഗീകരിക്കും. മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ജനങ്ങളെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















