തൃശൂർ: മഞ്ഞ ടർക്കിയിൽ പൊതിഞ്ഞാണ് ചോര കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് റെയിൽവേ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ്. ആർപിഎഫ് ഉദ്യോഗസ്ഥയുടെ നിർദ്ദേശപ്രകാരമാണ് ബാഗ് തുറന്നതെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു.
പടികൾ തൂക്കുന്നതിനിടയിൽ ലിഫ്റ്റിന്റെ അരികിലായാണ് ബാഗ് കണ്ടത്. അതിന് അടുത്തായി ഒരു പുരുഷനും സ്ത്രീയും കുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു. അവരുടേതാണോ ബാഗ് എന്ന് തിരക്കിയപ്പോൾ അല്ലെന്ന് അറിഞ്ഞതോടെ ബാഗ് മാറ്റിവച്ചു. കനം തോന്നിയതോടെ അതുവഴി വന്ന ആർപിഎഫ് ഉദ്യോഗസ്ഥയോട് കാര്യം പറഞ്ഞു. തുറന്ന് നോക്കാൻ അവർ നിർദ്ദേശിച്ചു. ഡയപറിന്റെ പാഡ് പോലുള്ളതിൽ മഞ്ഞ ടർക്കിയിൽ പൊതിഞ്ഞായിരുന്നു കുഞ്ഞിന്റെ മൃതദേഹമുണ്ടായിരുന്നത്. എപ്പോഴാണ് ബാഗ് വച്ചതെന്ന് അറിയില്ലെന്നും ജീവനക്കാരി പറഞ്ഞു.
ഇന്ന് രാവിലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പിറന്നിട്ട് ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ നഗരത്തിലെ ആശുപത്രികളിലും മറ്റും പൊലീസ് പരിശോധന നടത്തുകയാണ്.















