കാത്തിരിപ്പിനൊടുവിൽ ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിംഗിനും കുഞ്ഞ് പിറന്നു. മുംബൈയിലെ എച്ച്എൻ ആശുപത്രിയിലാണ് ദീപിക പെൺകുഞ്ഞിന് ജന്മം നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മാതാപിതാക്കളാകാൻ പോകുന്ന വിവരം കഴിഞ്ഞ ഫെബ്രുവരിയിലാണ് താരങ്ങൾ പങ്കുവച്ചത്. പുതിയ അതിഥി ഞങ്ങളുടെ ലോകത്ത് സെപ്തംബറിലെത്തുമെന്നും താരദമ്പതികൾ സോഷ്യൽ മീഡയയിലൂടെ അറിയിച്ചിരുന്നു. കുഞ്ഞുടുപ്പുകളുടെയും, ഷൂസിന്റെയും, ബലൂണുകളുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് അമ്മയാകാൻ പോകുന്ന വിവരം ദീപിക ആരാധകരുമായി പങ്കുവച്ചത്.
കുഞ്ഞിനെ വരവേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താര ദമ്പതികളുടെ മറ്റേണിറ്റി ഫോട്ടുഷൂട്ടും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. 2018 നവംബർ 14നാണ് ദീപികയും റൺവീറും വിവാഹിതരായത്. ഗർഭിണിയായ ശേഷവും പൊതുപരിപാടികളിൽ ദീപിക പ്രത്യക്ഷപ്പെട്ടിരുന്നു.















