ന്യൂഡൽഹി: വിദേശത്തുനിന്നും ഇന്ത്യയിലെത്തിയ യുവാവിൽ മങ്കിപോക്സ് ലക്ഷണങ്ങളെന്ന് സംശയം. രോഗിയെ കൂടുതൽ നിരീക്ഷണത്തിനായി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. മങ്കി പോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. സംശയാസ്പദമായ ലക്ഷണങ്ങളോടെ രാജ്യത്തെ ആദ്യത്തെ Mpox കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും സ്ഥിരീകരിച്ചു. രോഗിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
“Mpox ന്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ രോഗിയിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കുകയാണ്. നിലവിലുള്ള പ്രോട്ടോകോളുകൾ അനുസരിച്ച് കേസ് കൈകാര്യം ചെയ്യും. കൂടാതെ രോഗത്തിന്റെ ഉറവിടം തിരിച്ചറിയുന്നതിനും മറ്റുമായി രാജ്യത്തിനുള്ളിൽ തന്നെയുള്ള കോൺടാക്ട് ട്രെയ്‌സിംഗ് തുടരുകയാണ്,” ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വിഷയത്തിൽ അനാവശ്യമായ ആശങ്കകൾ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.Mpox കേസുകളുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ടതും യാത്ര സംബന്ധമായ കേസുകളും കൈകാര്യം ചെയ്യാൻ രാജ്യം പൂർണ്ണ സജ്ജമാണ്. അപകട സാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ശക്തമായ നടപടികളും നിലവിലുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.