പ്രഭുദേവ നായകനായെത്തുന്ന ചിത്രമാണ് പേട്ടറാപ്പ്. സെപ്തംബർ 27ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി സണ്ണിലിയോണും അണിയറപ്രവർത്തകരും കൊച്ചിയിലെത്തിയതും ഇപ്പോൾ സമൂഹമാദ്ധ്യങ്ങളിൽ വൈറലാവുകയാണ്.
സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെയാണ് സണ്ണി ലിയോണിനോട് മലയാളത്തിൽ സംസാരിക്കുമോയെന്ന് ആരാധകരിൽ ഒരാൾ ചോദിച്ചത്. നിങ്ങൾ എനിക്ക് എന്തെങ്കിലും പറഞ്ഞു തരൂ.. ഞാൻ അത് പോലെ പറയാൻ ശ്രമിക്കാമെന്ന മറുപടിയും സണ്ണി ഇംഗ്ലീഷിൽ നൽകി. എല്ലാവർക്കും എന്റെ ഓണാശംസകൾ എന്നായിരുന്നു ആരാധകൻ പറഞ്ഞത്. എന്നാൽ ഇത് തിരിച്ച് പറയാൻ സണ്ണി ലിയോൺ പ്രയാസപ്പെടുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ വാചകം പഠിച്ചെടുത്ത് മലാളികൾക്ക് സണ്ണി ലിയോൺ ഓണാംശസകൾ നേർന്നു.
എസ്‌ജെ സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ്, ബ്ലു ഹിൽ ഫിലിംസിന്റെ ബാനറിൽ പി സാമാണ് നിർമിക്കുന്നത്. പികെ ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശൃംഗാരവേലൻ, കസിൻസ്, ജെയിംസ് ആൻഡ് ആലിസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി വേദികയാണ് ചിത്രത്തിലെ നായിക. സണ്ണി ലിയോൺ, വിവേക് പ്രസന്ന, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.















