ഡബ്ല്യൂസിസി ഇവിടെ എന്താണ് ചെയ്തതെന്ന ചോദ്യവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ ക്രെഡിറ്റ് മുഴുവൻ ഡബ്ല്യൂസിസിക്ക് കൊടുക്കുന്നതിൽ എന്തർത്ഥമാണുള്ളതെന്നും അവർ ചോദിച്ചു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം കൊടുത്തു എന്നല്ലാതെ അതിന് ശേഷം എന്തുകാര്യമാണ് ഡബ്ല്യൂസിസിക്ക് അവകാശപ്പെടാനുള്ളതെന്നും ഭാഗ്യലക്ഷ്മി ഉന്നയിച്ചു.
“മുഖ്യമന്ത്രിയെ കണ്ട് ഒരു നിവേദനം കൊടുത്തു. അതല്ലാതെ പിന്നെ എന്താണ് ഡബ്ല്യൂസിസി ചെയ്തത്? ആഭ്യന്തര കമ്മിറ്റിക്ക് മുൻപിൽ പരാതി പറയാൻ ആരും തയ്യാറാകുന്നില്ല. എല്ലാ തൊഴിലിടങ്ങളിലും ഐസിസി വേണമെന്നത് നേരത്തെയുള്ള കമ്മിറ്റിയുടെ ശുപാർശ പ്രകാരം വന്ന നിയമമാണ്. പക്ഷെ ഇതെല്ലാം ഡബ്ല്യൂസിസിയുടെ കഴിവ് കൊണ്ട് ഇവിടെ രൂപപ്പെട്ടതാണെന്നാണ് വാദം.
ഇനി, എല്ലാ ക്രെഡിറ്റും ഡബ്ല്യൂസിസിക്ക് തന്നെ കൊടുക്കാമെന്ന് വിചാരിക്കുക. ഡബ്ല്യൂസിസി എന്ന കൂട്ടായ്മ തന്നെയാണ് ഈ മാറ്റങ്ങൾ കൊണ്ടുവരാൻ എല്ലാവിധ പരിശ്രമങ്ങളും നടത്തിയത് എന്ന് കരുതുക, അങ്ങനെയെങ്കിൽ ഐസിസി രൂപീകരിച്ചിട്ട് പിന്നീട് എന്തുസംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ചുമതല ഡബ്ല്യൂസിസിക്ക് ഇല്ലേ? എന്തെങ്കിലും പരാതികൾ ഐസിസിക്ക് ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾ പരാതി പറയാൻ മടിക്കുന്നു? ഇക്കാര്യങ്ങൾ ഡബ്ല്യൂസിസി ചൂണ്ടിക്കാട്ടാൻ തയ്യാറായോ?
പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞപ്പോഴാണല്ലോ ഐസിസി രൂപീകരിച്ചത്. എന്നിട്ട് ഒരു പരാതി പോലും വന്നില്ല. അത് പരാതികൾ ഇല്ലാത്തതുകൊണ്ടല്ല. പരാതിയുണ്ടായിട്ടും പരാതിക്കാരുണ്ടായില്ല. ഐസിസി രൂപീകരിച്ച കാലത്തെ ഇതുറപ്പായിരുന്നു. ഇവിടെ സത്യസന്ധമായി പ്രവർത്തിക്കാൻ ഐസിസിക്ക് കഴിയില്ലെന്ന് അന്നേ ഞാൻ ചൂണ്ടിക്കാട്ടിയതാണ്. “- ഭാഗ്യലക്ഷ്മി പറഞ്ഞു.















