ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും സ്ഥാനാർത്ഥി നിർണയത്തിനും സുപ്രധാന പങ്ക് വഹിക്കുന്ന കമ്മിറ്റിയിൽ എബിവിപിയുടെ മുതിർന്ന നേതാക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എബിവിപി ഡൽഹി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. തപൻ ബിഹാരിയെയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി നിയമിച്ചിട്ടുള്ളത്. എബിവിപി ദേശീയ ഗേൾസ് കോർഡിനേറ്റർ മനു ശർമ്മ ഖട്ടാരിയ, ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ, ദില്ലി സംസ്ഥാന സെക്രട്ടറി ഹർഷ് അത്രി, സംസ്ഥാന സംഘടനാ സെക്രട്ടറി രാം കുമാർ ഗുപ്ത, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വിപിൻ ഉണിയാൽ, ഡൽഹി സർവ്വകലാശാല യൂണിയൻ അദ്ധ്യക്ഷൻ തുഷാർ ദേദ, സെക്രട്ടറി അപരാജിത, എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞുവെന്നും വളരെ പെട്ടന്ന് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ തപൻ ബിഹാരി പറഞ്ഞു. സർവ്വകലാശാലയിൽ എബിവിപിക്ക് അനുകൂലമായുള്ള തരംഗം നിലനിൽക്കുന്നുണ്ട്. അതിനാൽ വലിയ വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അത് പരിഹരിക്കാനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുവാനും എബിവിപി നേതൃത്വം നൽകുന്ന യൂണിയൻ കഴിഞ്ഞ ഒരുവർഷമായി ശ്രമിച്ചിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ഹർഷ് അത്രി വ്യക്തമാക്കി. ഡൽഹി സർവ്വകലാശാല തിരഞ്ഞെടുപ്പിൽ എബിവിപി ഉന്നയിക്കേണ്ടുന്ന വിഷയങ്ങൾ ഏതൊക്കെ എന്നുള്ള തീരുമാനം വിദ്യാർത്ഥികളുടെ അഭിപ്രായം കണക്കിലെടുത്താകുമെന്നും അദ്ദേഹം പറഞ്ഞു.















