റാഞ്ചി: മുഖ്യമന്ത്രി ഹേമന്ത് സോറനെയടക്കം അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്‌ക്കുകയും ചെയ്ത ഝാർഖണ്ഡിലെ ഭൂമി കുംഭകോണം കേസിൽ കൂടുതൽ കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദിവാസികൾക്ക് അവകാശപ്പെട്ട 1800 ഏക്കർ സ്ഥലം ഭൂമാഫിയ തട്ടിയെടുത്തെന്നാണ് പുതിയ കണ്ടെത്തൽ. സ്വത്തിന്റെ സ്വഭാവത്തിലും രേഖകളിലും കൃത്രിമം കാട്ടിയാണ് ഭൂമി തട്ടിയെടുത്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ 25 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭൂമി കയ്യേറ്റക്കാരും റവന്യൂ ഓഫീസുകളിലെ ഇവരുടെ കൂട്ടാളികളും ചേർന്ന് 1932 മുതലുള്ള ഭൂരേഖകൾ വ്യാജമായി നിർമ്മിച്ചുവെന്ന് അന്വേഷണസംഘം പറയുന്നു. ഏകദേശം 38 കോടി രൂപ വിലമതിക്കുന്ന 8.86 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ കുറ്റപത്രത്തിൽ ഇഡി ആരോപിക്കുന്നു.
സോറനെപ്പോലുള്ള ഉന്നത വ്യക്തികളെയും നിരവധി ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതിന് ശേഷം, ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ഇഡിക്ക് ലഭിച്ചിരുന്നു. അന്വേഷണത്തിൽ, 1,800 ഏക്കർ ഭൂമി സമാനമായ രീതിയിൽ മാഫിയ തട്ടിയെടുത്തതായി കണ്ടെത്തുകയായിരുന്നു. 3,000 കോടി രൂപയുടെ കയ്യേറ്റമുൾപ്പെടയുള്ള കുറ്റകൃത്യങ്ങളാണ് അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.















