ജയ്പൂർ: 70 കാരന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 6,100 ഓളം കല്ലുകൾ നീക്കം ചെയ്തു. രാജസ്ഥാനിലെ കോട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ വഴി കല്ലുകൾ പുറത്തെടുത്തത്.
ബുണ്ടി സ്വദേശിയായ വയോധികൻ ഒന്നര വർഷത്തോളമായി കടുത്ത വയറുവേദന, ഗ്യാസ്, ഛർദ്ദി എന്നിവ കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. തുടർന്ന് നടത്തിയ സോണോഗ്രാഫി പരിശോധയിലാണ് പിത്തസഞ്ചി നിറയെ കല്ലുകൾ കണ്ടെത്തിയത്. പിത്തസഞ്ചിയുടെ വലിപ്പം 12×4 സെൻ്റിമീറ്ററാണെന്നും എന്നാൽ പിത്തരസം ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണയായി പിത്തസഞ്ചിയുടെ വലിപ്പം ഏകദേശം 7×4 സെൻ്റിമീറ്ററാണ്.
ലാപ്രോസ്കോപ്പിക് സർജൻ ഡോ.ദിനേശ് ജിൻഡാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. എൻഡോ ബാഗ് ഉപയോഗിച്ചാണ് പിത്തസഞ്ചിയിൽ നിന്നും കല്ലുകൾ നീക്കം ചെയ്തത്. സങ്കീർണ്ണമായ ശസ്ത്രക്രിയ 40 മിനിറ്റ് മാത്രമാണ് എടുത്തത്. എന്നാൽ കല്ലുകൾ എണ്ണാൻ ആശുപത്രി ജീവനക്കാർക്ക് രണ്ട് മണിക്കൂറിലധികം വേണ്ടി വന്നു.















