തെന്നിന്ത്യൻ നടൻ വിക്രമിന്റെ ജീവിതം മാറ്റിയെഴുതിയ സിനിമയായിരുന്നു അന്യൻ. വ്യത്യസ്തത നിറഞ്ഞ കഥയിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. മലയാളത്തിൽ ഉൾപ്പെടെ വിവിധ ഭാഷകളിൽ ഹിറ്റായ ചിത്രത്തിന്റെ റീമേക്കിംഗിനെ കുറിച്ച് പങ്കുവക്കുകയാണ് താരം. രൺവീർ സിംഗാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. വിക്രം നായകനായെത്തുന്ന തങ്കലാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിക്രം.
അന്യന്റെ രണ്ടാം ഭാഗം ഇറങ്ങുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അത് നടക്കാത്തത് എന്തെന്ന് സംവിധായകൻ ശങ്കറിനോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. അന്യനിലെ കഥാപാത്രത്തെ രൺവീർ നന്നായി ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അദ്ദേഹം നല്ലൊരു നടനാണ്. അന്യനിലെ രൺവീറിന്റെ പ്രകടനം കാണാൻ ഞാൻ കാത്തിരിക്കുകയാണ്. അദ്ദേഹം എങ്ങനെയായിരിക്കും ആ വേഷം കൈകാര്യം ചെയ്യുകയെന്ന് കാണാൻ തനിക്ക് ഒരുപാട് ആകാംക്ഷയുണ്ടെന്നും വിക്രം പറഞ്ഞു.
തെലുങ്കിലേക്ക് അപരിചിതുഡു എന്ന പേരിലാണ് അന്യൻ റീമേക്ക് ചെയ്തിട്ടുള്ളത്. അന്യന്റെ തമിഴ് നിർമാതാവായ ആസ്കർ രവിചന്ദ്രൻ സംവിധായകൻ ശങ്കറിനെതിരെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിന് (എസ്ഐസിസി) പരാതി നൽകിയിരുന്നു. തന്റെ സമ്മതമില്ലാതെയാണ് ചിത്രം റീമേക്ക് ചെയ്യുന്നതെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
2021 ഓഗസ്റ്റിലാണ് അന്യന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചത്. തമിഴ് നിർമാതാവിന്റെ പരാതിയെ തുടർന്ന് ഹിന്ദി റീമേക്ക് ഉപേക്ഷിച്ചതായി സംവിധായകൻ ശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രം നിർമിക്കുന്നതിനായി അണിയറയിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം.