റിയാദ്: സംഘർഷ മേഖലയായ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ഗാസയിലെ സ്ഥിതി അതിരൂക്ഷമായി മാറുകയാണ്. നിരപരാധികളായ സാധാരണക്കാർ യുദ്ധമുഖത്ത് മരിച്ചു വീഴുന്നു. ഇത് തടയണമെന്നും എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” യുദ്ധങ്ങളിൽ ഇന്ത്യയുടെ നിലപാട് എപ്പോഴും സ്ഥിരതയുള്ളതും തത്വാധിഷ്ഠിതവുമാണ്. ഭീകരപ്രവർത്തനങ്ങളെയും ബന്ദികളാക്കുന്നതിനെയും ഇന്ത്യ എക്കാലവും എതിർക്കുന്നു. ഗാസയിൽ സാധാരണക്കാരായ നിരവധി ആളുകൾ മരിച്ചു വീഴുന്നതിൽ ഇന്ത്യക്ക് വേദനയുണ്ട്. അതിനാൽ വെടിനിർത്തലിന് ഇന്ത്യയും പിന്തുണ അറിയിക്കുന്നു.” – എസ് ജയശങ്കർ പറഞ്ഞു.
ഇന്ത്യയും ജിസിസിയും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികപരവുമായ ബന്ധത്തെയും എസ് ജയശങ്കർ അടിവരയിട്ടു. ചരിത്രത്തിലൂന്നിയ ബന്ധങ്ങൾ കാലക്രമേണ ശക്തമായി വളർന്നു. സാമ്പത്തിക ശാസ്ത്രം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി നിരവധി മേഖലകളിലേക്ക് ഇന്ത്യ- ജിസിസി ബന്ധം വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 90 ലക്ഷം ഇന്ത്യക്കാർ ഗൾഫിൽ ജോലി ചെയ്യുന്നു. ഇന്ത്യക്കും ഗൾഫിനുമിടയിൽ ഒരു പാലമായാണ് അവർ പ്രവർത്തിക്കുന്നത്. ഇന്ത്യക്കാരുടെ ക്ഷേമവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ നന്ദി അറിയിക്കുന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു.















