കൊച്ചി: വീണ്ടും സജീവമായി സൈബർ തട്ടിപ്പ്. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതിയാക്കി വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. 1,70,000 രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടെന്ന് ജെറി അമൽദേവ് പറഞ്ഞു.
പണം പിൻവലിക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. ഫോൺ കോള് കട്ട് ചെയ്യാൻ തയ്യാറാകാതിരുന്ന തട്ടിപ്പുകാരൻ ബാങ്കിലെത്തിയിട്ടും സംസാരം തുടർന്നു കൊണ്ടേയിരുന്നു. ബാങ്ക് മാനേജറുടെ സംയോചിതമായ ഇടപെടലാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പുകാരൻ ഫോണിൽ സംസാരിക്കുന്നതിനിടെ മാനേജർ ഇത് തട്ടിപ്പാണെന്ന് പേപ്പറിൽ എഴുതി നൽകി. ഇതോടെയാണ് ഫോൺ കട്ട് ചെയ്തത്. എറണാകുളം നോർത്ത് പൊലീസിൽ ജെറി അമൽദേവ് പരാതി നൽകിയിട്ടുണ്ട്.















