ചന്ദ്രനുദിക്കുന്ന ദിക്കിൽ ആദ്യം നായികാവേഷത്തിൽ തീരുമാനിച്ചിരുന്നത് ശാലിനിയെ ആയിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. പുതിയ മുഖങ്ങളെ സിനിമയിലേക്ക് കൊണ്ടുവരണമെന്ന് തങ്ങളോട് പറഞ്ഞത് നടി മഞ്ജു വാര്യരാണെന്നും ലാൽ ജോസ് പറഞ്ഞു. സിനിമാ ജീവിതത്തെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ചന്ദ്രനുദിക്കുന്ന ദിക്കിൽ കാസ്റ്റിംഗൊക്കെ ഏതാണ്ട് തീരുമാനമായിരുന്നു. നായകനായി ദിലീപിനെയും നായികയായി ശാലിനിയെയും തീരുമാനിച്ചു. ലാൽ ഉൾപ്പെടെയുള്ള എല്ലാ കഥാപാത്രങ്ങളെയും ഞങ്ങൾ തീരുമാനിച്ചിരുന്നു. എല്ലാം തീരുമാനിച്ച ശേഷമാണ് നിറം എന്ന സിനിമയിൽ ശാലിനി ഡേറ്റ് കൊടുത്ത കാര്യം അറിയുന്നത്. ആ സമയത്ത് തന്നെയാണ് ചന്ദ്രൻ ഉദിക്കുന്ന ദിക്കിന്റെ ചിത്രീകരണവും ആരംഭിക്കുന്നത്.
ശാലിനി ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ഇനി ആരെന്നുള്ള ചോദ്യമായിരുന്നു നമുക്ക് മുന്നിലുണ്ടായിരുന്നത്. നമുക്ക് പുതിയ ആളെ കൊണ്ടുവരാമെന്ന് അന്ന് മഞ്ജുവാണ് എന്നോട് പറഞ്ഞത്. പെട്ടെന്ന് കാവ്യയുടെ കാര്യം ഓർമവന്നു. ഉടൻ തന്നെ നീലേശ്വരത്ത് കാവ്യയുടെ വീട്ടിൽ പോയി അവരെ പറഞ്ഞ് മനസിലാക്കി. അഭിനയിക്കാമെന്ന് കാവ്യ സമ്മതിക്കുകയും ചെയ്തു” – ലാൽ ജോസ് പറഞ്ഞു.