രാജ്യത്തുടനീളം വിനായക ചതുർത്ഥി ആഘോഷങ്ങൾ ഗംഭീരമായി നടക്കുകയാണ്. വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് മുൻപായി പലയിടത്തും പൂജകളും നടക്കുന്നുണ്ട്.
മുംബൈയിലെ പ്രശസ്തമായ ജിഎസ്ബി സേവാമണ്ഡലത്തിലെ മഹാഗണപതി എല്ലാ വർഷവും വിനായക ആഘോഷങ്ങളിൽ വേറിട്ടുനിൽക്കുന്നു. രാജ്യത്തെ ഏറ്റവും ധനികനായ ഗണപതിയെന്നറിയപ്പെടുന്ന ഈ വിഘ്നേശ്വര വിഗ്രഹത്തിന് ഇത്തവണ 400 കോടി രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്.
അത്രയേറെ സ്വർണ്ണവും വെള്ളിയും കൊണ്ടാണ് വിഗ്രഹം അലങ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി, മുംബൈയുടെ പ്രാന്തപ്രദേശമായ മാട്ടുംഗയിൽ ജിഎസ്ബി സേവാമണ്ഡലം പ്രത്യേകമായി വിനായക ചതുർത്ഥി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
ഈ പൂജാ മണ്ഡപത്തിലെ ഗണപതി വിഗ്രഹം 66 കിലോ സ്വർണ്ണവും 325 കിലോ വെള്ളിയും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മുൻകരുതൽ എന്ന നിലയിലാണ് 400.58 കോടി രൂപയ്‌ക്ക് ഈ ആഘോഷങ്ങൾ ഇൻഷ്വർ ചെയ്തതെന്ന് സംഘാടകർ വെളിപ്പെടുത്തി. സെപ്തംബർ 11 വരെ അഞ്ച് ദിവസമാണ് വിനായക ചതുർത്ഥി ആഘോഷങ്ങൾ .