ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്കും മറ്റ് 16 പേർക്കും എതിരെയുള്ള കുറ്റപത്രത്തിലെ വിവരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതോ അച്ചടിക്കുന്നതോ പ്രസിദ്ധീകരിക്കുന്നതോ മാധ്യമങ്ങളെ വിലക്കിക്കൊണ്ട് 2024 സെപ്റ്റംബർ 10ന് കർണാടക ഹൈക്കോടതി എക്സ് പാർട്ടി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിയന്ത്രണം അടുത്ത ഹിയറിങ് വരെ തുടരും.
കുറ്റപത്രത്തിലെ രഹസ്യവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും അച്ചടിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കിന്നൊണ്ട് മാധ്യമ ഏജൻസികൾക്കും വാർത്താ ചാനലുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദർശൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ അടങ്ങുന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ദർശന്റെ ഭാര്യ വിജയലക്ഷ്മി നൽകിയ കേസിൽ ഓഗസ്റ്റ് 27-ന് കീഴ്ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും മാധ്യമങ്ങൾ രഹസ്യവിവരങ്ങൾ പങ്കുവെക്കുന്നത് തുടരുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി, അടുത്ത വാദം കേൾക്കുന്നത് വരെ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മാധ്യമങ്ങളോട് ഉത്തരവിട്ടു. ഹൈക്കോടതിയുടെ. ഉത്തരവ് മാധ്യമ സ്ഥാപനങ്ങളെ അറിയിക്കാൻ യൂണിയൻ ഓഫ് ഇന്ത്യയോട് കോടതി നിർദ്ദേശിച്ചു.
രേണുകസ്വാമി വധക്കേസുമായി ബന്ധപ്പെട്ട് 2024 ജൂൺ 11 ന് അറസ്റ്റിലായ ദർശൻ ജൂൺ 22 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നിലവിൽ ബല്ലാരി ജയിലിലാണ്.















