മലപ്പുറം: കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പുഴു. പൊന്നാനി എം ഇ എസ് കോളേജിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം
ഊണ് കഴിക്കുന്നതിനിടയിലാണ് ഒരു വിദ്യാർത്ഥിനി പ്ലേറ്റിൽ പുഴുവിനെ കണ്ടത്. ചോറിനൊപ്പം വിളമ്പിയ അവിയലിലോ കറിയിലോ ആണ് പുഴു കിടന്നതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. സംഭവം വിദ്യാർത്ഥികൾ മൊബൈലിൽ വീഡിയോ പകർത്തി പുറത്തുവിടുകയും ചെയ്തു. മൂന്ന് വിദ്യാർത്ഥികൾക്കാണ് പുഴു ലഭിച്ചത്. മാസങ്ങൾക്ക് മുൻപ് ഇവിടെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. അന്നും വലിയ പ്രതിഷേധങ്ങൾ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് കോളേജിനെതിരെ ഉയർന്നിരുന്നു.
പ്രശ്നത്തിൽ കോളേജ് അധികൃതർ ഇടപെടുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. സംഭവം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. പ്രശനത്തിൽ പരിഹാരം കാണുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.