റായ്‌പൂർ: കൂട്ടുകാരിയുടെ ബർത്ത് ഡേ ക്ലാസിൽ ബിയർ കുടിച്ചാഘോഷിച്ച് വിദ്യാർത്ഥിനികൾ. ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനുപിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.
ജൂലൈ 29 ന് വിദ്യാർത്ഥിനികൾ സഹപാഠിയുടെ ജന്മദിനം ക്ലാസ് മുറിയിൽ ആഘോഷിച്ചിരുന്നു. പാർട്ടിക്കിടെ ബിയർ കൊണ്ടുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. പിന്നീട് വിദ്യാർത്ഥികളിലൊരാൾ ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആയിരക്കണക്കിന് പേരാണ് കണ്ടത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതായും സംഘം തിങ്കളാഴ്ച ബന്ധപ്പെട്ട വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയതായും വിദ്യാഭ്യാസ ഓഫീസർ ടി ആർ സാഹു പറഞ്ഞു. സ്‌കൂളുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രിൻസിപ്പലിനും സ്ഥാപനമേധാവിക്കുമെതിരെ നടപടിയെടുക്കുമെന്നും പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് അയക്കുമെന്നും അധികൃതർ അറിയിച്ചു.















