ബാപ്പയ്ക്ക് നീതി ലഭിക്കാനായി സുപ്രീം കോടതി വരെ പോകുമെന്ന് നടൻ മാനുക്കോയയുടെ മകൻ നിസാർ മാമുക്കോയ. പരാതിക്കാരിയാണ് കുറ്റക്കാരിയെന്ന് തെളിഞ്ഞാൽ വലിയ നഷ്ടപരിഹാരം തരേണ്ടിവരും. ആ സ്ത്രീയുടെ പിന്നാലെ തന്നെ ഞാൻ ഉണ്ടാകും. സുപ്രീം കോടതി വരെ കേസിന് പോകും. അവിടെയും ബാപ്പയ്ക്കെതിരെ വിധി വന്നാൽ താൻ അവരോട് ഞാൻ മാപ്പ് പറയുമെന്നും യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിസാർ മാമുക്കോയ പറഞ്ഞു.
അപവാദം പറഞ്ഞ വനിതയെ ഇതുവരെ സിനിമയിൽ കണ്ടിട്ടില്ല. കമ്മിഷണർ ഓഫീസിൽ 20 രൂപയ്ക്ക് പായസം വിൽക്കുന്നവരാണ് തങ്ങളെന്നാണ് ആ സ്ത്രീ പറഞ്ഞത്. എന്നാൽ കമ്മിഷണർ ഓഫീസിലെ ആർക്കും ഇവരെ പരിചയമില്ല. 354 നിയമമൊക്കെ നിൽക്കുന്നത് കുടുംബത്തിൽ പിറന്ന നല്ല പെണ്ണുങ്ങൾക്ക് വേണ്ടിയാണ്. തെമ്മാടികളിൽ നിന്ന് ബുദ്ധിമുട്ടുവരുമ്പോൾ അവരെ സഹായിക്കാനാണത്. അല്ലാതെ ഇതുപോലെ മിസ്യൂസ് ചെയ്യാനല്ല.
വാപ്പയ്ക്കെതിരായ ആരോപണം കുടുംബത്തെ മുഴുവൻ തളർത്തി. ഉംറയ്ക്ക് പോയി വന്ന ഉമ്മയുടെ കാലിന് പൊട്ടലുണ്ടായി. ഉമ്മയ്ക്ക് നല്ല ഷുഗറാണ്. അതുകൊണ്ട് ഓപ്പറേഷനും ചെയ്യാൻ കഴിഞ്ഞില്ല. ചായയിൽ പഞ്ചസാര കുറെ ചേർത്ത് ചിലപ്പോൾ ആരും കാണാതെ കുടിക്കും. പെട്ടെന്ന് മരിച്ചുപോട്ടെ, വേഗം ഉപ്പയുടെ അടുത്ത് പോകാല്ലോ എന്നാണ് ഉമ്മ പറയുന്നത്. അമ്പതുവർഷത്തിലേറെ കാലം എന്റെ ഉമ്മയും ഉപ്പയും ഒരുമിച്ച് ജീവിച്ചതാണ്. ഒരു വഴക്കും ഇക്കാലത്തിനിടയിൽ ഇവർ തമ്മിൽ കണ്ടിട്ടില്ല. ഞങ്ങൾക്കെല്ലാം പ്രായപൂർത്തിയായ മക്കളാണ്. അവർക്കെല്ലാം പുറത്തിറങ്ങണ്ടേ? നസീർ പറഞ്ഞു.