പാലക്കാട്: കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപാറ സ്വദേശി സൈമൺ (31) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പുലർച്ചെയോടെ വീടിന് സമീപത്ത് അവശനിലയിൽ കണ്ടെത്തിയ സൈമണെ ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സൈമൺ. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. ഇന്നലെ തോട്ടത്തിൽ അമ്മയ്‌ക്കൊപ്പം പുല്ലരിയാൻ പോയ 23കാരിയെയാണ് സൈമൺ ആക്രമിച്ചത്. അമ്മ തിരികെ വീട്ടിലേക്ക് പോയ സമയത്ത് ഇയാൾ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ഇത് ചെറുത്തു നിന്ന യുവതിയുടെ കയ്യിൽ നിന്നും കത്തി പിടിച്ചുവാങ്ങി ഇയാൾ 23കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. നാട്ടുകാർ ഓടിക്കൂടിയതിന് പിന്നാലെ സൈമൺ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.















