ലേഡീസ് ഹോസ്റ്റലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിൽ സ്വകാര്യ വർക്കിംഗ് വനിതാ ഹോസ്റ്റലിലാണ് ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പുലർച്ചെ 5.30 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്നും ഫ്രിഡ്ജ് ഇരുന്ന ഹോസ്റ്റലിന്റെ ഒരു ഭാഗം കത്തി നശിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
രണ്ട് സ്ത്രീകൾ ശ്വാസം മുട്ടിയാണ് മരിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 24 ഓളം പേർ സമീപത്ത് ഉണ്ടായിരുന്നുവെന്നും ഇവരെയെല്ലാം രക്ഷപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോസ്റ്റൽ നടത്തുന്ന ഇൻബ ജഗദീശർ വ്യക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. അപകടം നടന്ന പെരിയാർ ബസ് സ്റ്റാൻഡിന് സമീപമുള്ള വിശാഖ വനിതാ ഹോസ്റ്റൽ ലൈസൻസ് പുതുക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എം.എസ്.സംഗീത പറഞ്ഞു.