ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനോളം തന്നെ പഴക്കമുള്ള ഒരു ആചാരമാണ് തിരുവോണ നാളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഓണവില്ല് സമര്‍പ്പണം. അനന്തശായിയായ ശ്രീ പത്മനാഭ സ്വാമിക്ക് പള്ളിവില്ലെന്ന ഓണവില്ല് സമർപ്പിക്കുന്നത് പത്മനാഭസ്വാമിക്ഷേത്ര ശില്പി പാരമ്പര്യത്തിൽപ്പെട്ട വിശ്വകർമ്മ കുടുംബമാണ്. ചിങ്ങമാസത്തിലെ തിരുവോണനാൾ പുലർച്ചെ സമർപ്പിക്കുന്ന ചടങ്ങ് ക്ഷേത്രത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്.
പള്ളിവില്ലെന്ന ഓണവില്ല് സമർപ്പിക്കുന്നതിന് പിന്നിൽ മനോഹരമായ ഒരു ഐതീഹ്യമുണ്ട്. കേരളത്തിലെ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവർത്തിക്ക് ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണത്രെ ഈ വില്ല് ഉപയോഗിക്കുന്നത്. ഇതിനു പിന്നിലെ സങ്കല്പം ഇങ്ങനെയാണ്.
മഹാബലിചക്രവർത്തിക്ക് തൃവിക്രമനായ വാമനൻ പാദ ദീക്ഷ നൽകി പാതാള ലോകത്തിലേക്ക് ഇന്ദ്രപദവിയിലേക്കുയർത്തി അവിടേക്ക് അയച്ച സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഭക്ത വത്സലനായ ഭഗവാൻ മഹാബലിചക്രവർത്തിക്ക് വിശ്വരൂപ ദർശനം നൽകുന്നു. എന്നാൽ ഈ ദർശനത്തിനൊപ്പം ഇനിയങ്ങോട്ട് എക്കാലവും അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മഹാബലി മുന്നോട്ടു വെക്കുന്നു.
ഇതും വായിക്കുക
വാമനൻ മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയെന്ന കള്ളക്കഥയുടെ യാഥാർഥ്യം..
ഭഗവാൻ മഹാവിഷ്ണു തന്റെ ഉത്തമ ഭക്തനായ മഹാബലി ചക്രവർത്തിയുടെ ആഗ്രഹം സാധിപ്പിക്കുവാൻ വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തി, സൃഷ്ടി കാരകനായ വിശ്വകർമ്മ ദേവൻ കാലാകാലങ്ങളിൽ അവതാരങ്ങളെല്ലാം തന്റെ ആളുകളെ കൊണ്ട് ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്നു വാക്ക് നൽകുന്നു. വിശ്വകർമ്മജർ ഇന്നും ആ വാക്ക് പാലിക്കുന്നു. അങ്ങിനെ നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം.
കലാഭംഗി നിറഞ്ഞതാണ് ഓണവില്ല് നിര്‍മ്മാണവും അതിന്റെ സമര്‍പ്പണവും. വിശ്വകര്‍മ്മ ദേവനാല്‍ സൃഷ്ടിക്കപ്പെട്ട ഈ അതിവിശിഷ്ടമായ ചിത്രരചന ഏറെ പ്രത്യേകതകൾ ഉള്ളതാണ്. വില്ല് ആകൃതിയുള്ള പലകയില്‍ മഹാവിഷ്ണുവിന്റെ വീരശയനം, അവതാരകഥകള്‍ എന്നിവയാണ് വരയ്‌ക്കുന്നത്. വിനായകന്‍, ശ്രീകൃഷ്ണലീല, ദശാവതാരം, അനന്തശയനം, ശ്രീരാമപട്ടാഭിഷേകം, ശാസ്താവ് എന്നിങ്ങനെ ആറ് തരം വില്ലുകളാണ് തയാറാക്കുന്നത്. മഹാവിഷ്ണുവിന്റെ സൗമ്യഭാവമുള്ള അവതാര കഥകൾ ചിത്രീകരിക്കുന്ന ഓണ വില്ല് പഞ്ച വർണങ്ങളിലാണ് ചിത്രീകരിക്കുന്നത്.മിഥുന മാസത്തിന്റെ അവസാനത്തിൽ നല്ല ദിവസവും തിഥിയും സമയവും നോക്കിയാണ് വില്ല് നിർമ്മാണം സമാരംഭിക്കുന്നത്. ഇതിനായി 41 ദിവസത്തെ വ്രതമെടുക്കുന്നു. കടമ്പ് , മഹാഗണി തുടങ്ങിയ ദേവഗണത്തിൽപ്പെട്ട തടിയിലാണ് വില്ലുകൾ നിർമ്മിക്കുന്നത്. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളിൽ ഈ മരങ്ങളുടെ പലകകൾ അറുത്താണ് വില്ല് പണിയുന്നത്.
മതിലകം രേഖയില്‍ പറയുന്നത് പ്രകാരം കൊല്ലവര്‍ഷം 677 ല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ സമയം മുതല്‍ ഓണവില്ല് സമര്‍പ്പണവും നടക്കുന്നതായാണ് കണക്ക്. തിരുവോണനാളില്‍ പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ ഓണവില്ല് സമര്‍പ്പണം നടക്കുന്നത്. മൂന്ന് ദിവസം വില്ല് ചാര്‍ത്തിയാകും പൂജ. ഈ ദിവസങ്ങളിൽ പദ്മനാഭ ദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം.തിരുവോണ നാളിൽ ആറു ജോഡി വില്ലുകളാണ്(പന്ത്രെണ്ടെണ്ണം) ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തപ്പെടുന്നത് . തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം ഓണവില്ല് തിരുവിതാംകൂര്‍ രാജകുടുംബത്തിന് കൈമാറും. ഒരു വര്‍ഷക്കാലം രാജകുടുംബത്തിലെ പൂജാമുറിയില്‍ ഈ വില്ലുകള്‍ സൂക്ഷിക്കും. ഇതാണ് ആചാരം.
പൂജ നടത്തിയ ഓണവില്ല് വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തില്‍ പണമടച്ചാല്‍ വില്ല് ലഭിക്കും.ചുവന്ന ചരടും തുഞ്ചലവും കെട്ടി സുന്ദരമാക്കിയ വില്ല് വാങ്ങിക്കാൻ ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തച്ചന്‍മാരുടെ കുടുംബമായതിനാൽ കരമന മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ കുടുംബത്തിനാണ് ഓണവില്ലിന്റെ നിര്‍മ്മാണത്തിനുള്ള അവകാശം ഉള്ളത്.
ഓണവില്ല് ശ്രീപദ്മനാഭന് സമർപ്പിക്കുന്നതിന്റെ മുൻ ദിവസം, അതായത് ഉത്രാടനാൾ സെപ്റ്റംബർ 14 ന്, കരമന മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ ദേവസ്ഥാനത്ത് ഉത്രാട പൂജ ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം രാവിൽ പത്തു മണി മുതൽ രാത്രി 9 വരെ ഭക്ത ജനങ്ങൾക്ക് ഓണവില്ല് ദർശിച്ച് തൊഴാൻ സൗകര്യമുണ്ടായിരിക്കുന്നതാണ്. കുലാചാര പ്രകാരമുള്ള വില്ലു പൂജ ഉത്രാടനാൾ വൈകിട്ട് 6 .30 ആരംഭിക്കും.
ഇക്കുറി തിരുവോണ ദിവസം രാവിലെ 4 മണിക്കും ആറു മണിക്കും ഇടക്കുള്ള ശുഭ മുഹൂർത്തത്തിലാണ് ഓണവില്ല് സമർപ്പിക്കുന്നത്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കൊടി മരച്ചുവട്ടിലാണ് സമർപ്പണം നടക്കുക.