ഇന്ത്യൻ ഫുട്ബോൾ കാർണിവെലായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ)2024-25 സീസണ് ഇന്ന് തുടക്കമാകും. കൊൽക്കത്തയില വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സും മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 7.30നാണ് മത്സരം. സ്പോർട്സ് 18 നെറ്റ്വർക്കുകളിലാണ് മത്സരം തത്സമയം കാണാനാവുക. ജിയോ സിനിമയിലും ലൈവ് സ്ട്രീമുണ്ടാകും.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഡ്യുറാൻഡ് കപ്പ് ഫൈനലിൽ തോറ്റാണ് മോഹൻ ബഗാന്റെ വരവ്. ജയത്തോടെ ലീഗിന് തുടക്കമിടാനാകും ഐഎസ്എല്ലിലെ കരുത്തുറ്റ ടീമായ ബഗാന്റെ ലക്ഷ്യം. ജോസ് മൊലീനയുടെ കീഴിൽ കിരീടം നിലനിർത്തുകയെന്ന വലിയൊരു സ്വപ്നമാണ് ബഗാന് മുന്നിലുള്ളത്. പീറ്റർ ക്രാറ്റ്ക്കിയുടെ മുംബൈ സിറ്റിക്ക് സാൾട്ട് ലേക്ക് സ്റ്റേഡിയത്തെ നിശബ്ദമാക്കാനുള്ള കരുത്തുണ്ട്. പോയ സീസണിൽ ഐഎസ്എൽ കപ്പ് നേടിയ ടീം സ്ക്വാഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാദ്ധ്യതയുണ്ട്.















